തിരുവനന്തപുരം: ഷാര്‍ജ – കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് ആശങ്കകള്‍ക്ക് ഇടയാക്കി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്സ് 1346 വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡ‍ിങ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഹൈഡ്രോളിക് ലീക്കേജിനെത്തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്നു വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നുവെന്ന വിമാനത്തില്‍ നിന്ന് പൈലറ്റിന്‍റെ നിര്‍ദേശം ലഭിച്ചതോടെ വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിരക്ഷാ സേനയും സിഐഎസ്‌എഫും മറ്റ് അത്യാഹിത വിഭാഗവും സജ്ജരായിരുന്നു. വിമാനം റണ്‍വേയില്‍ സുരക്ഷിതമായി പറന്നിറങ്ങിയതിന് പിന്നാലെ ഫയര്‍ഫോഴ്സും വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും റണ്‍വേയില്‍ പ്രവേശിച്ച്‌ വിമാനത്താവളത്തിന് അടുത്ത് എത്തി. പിന്നീട് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. അറിയിപ്പ് കിട്ടിയതോടെ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയും സുരക്ഷയും ഏര്‍പ്പെടുത്തി. ഏതു സാഹചര്യവും നേരിടാന്‍ അഗ്‌നിരക്ഷാ സേനയും സിഐഎസ്‌എഫും സജ്ജമായിരുന്നു. തുടര്‍ന്ന് വിമാനം പ്രശ്‌നങ്ങളൊന്നും കൂടാതെ ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഹൈഡ്രോളിക് ഓയില്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് വിമാനം ഇറക്കിതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പിന്നീട് അറിയിച്ചു. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 112 പേര്‍ ഉണ്ടായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിന് അറി‍യിപ്പ് ലഭിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവള സുരക്ഷാ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ആശങ്കയ്ക്ക് ഇടയാക്കുന്ന ഒന്നും സംഭവിച്ചില്ലെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ എയര്‍ ഇന്ത്യയിലെ ആറിലൊന്ന് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് -19 വൈറസ് പിടിപെട്ടിട്ടുണ്ടെന്നും അതില്‍ 19 പേര്‍ മരിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എയര്‍ ഇന്ത്യയിലെ 1,995 ജീവനക്കാര്‍ക്ക്, വന്ദേ ഭാരത് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന ജോലിക്കാരെ ഉള്‍പ്പെടെ ഫെബ്രുവരി 1 വരെ വൈറസ് ബാധിച്ചിരുന്നു. ഇവരില്‍ 583 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പുരി കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിനെ അറിയിച്ചു. എയര്‍ ഇന്ത്യയിലെ വിമാന ജീവനക്കാര്‍ക്കിടയില്‍ കോവിഡ് -19 അനുബന്ധ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും 19 ഗ്രൗണ്ട് ജീവനക്കാര്‍ മരിച്ചുവെന്ന് പുരി രേഖാമൂലം മറുപടി നല്‍കി. കാലാകാലങ്ങളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉപദേശക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യയിലെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്‌ഒപി) പ്രകാരമാണ് ക്രൂവിന് കോവിഡ് -19 പരിശോധന നടത്തുന്നത്, ‘പുരി കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ വക്താവ് നല്‍കിയ കണക്കുകള്‍ പ്രകാരം ജനുവരി ഒന്നിന് എയര്‍ ഇന്ത്യയുടെ ശമ്ബളപ്പട്ടികയില്‍ 8,290 സ്ഥിരം സ്റ്റാഫുകളും 4,060 കരാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നു.