ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി ചൈന. ഇതിന്റെ ഭാഗമായി പാംഗോങ് സോ തടാകക്കരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറി തുടങ്ങി. ഇതിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.

മേഖലയിൽ സ്ഥാപിച്ചിരുന്ന ഹെലിപാഡ് ഉൾപ്പെടെ ചൈനീസ് സൈന്യം നീക്കം ചെയ്ത് കഴിഞ്ഞു. ടെന്റുകളും ബങ്കറുകളും ഉൾപ്പെടെ ചൈനീസ് സൈന്യം പൊളിച്ചുമാറ്റി. ഇതിന് പുറമെ, ഭാരം ചുമന്ന് പർവ്വത പ്രദേശത്തുകൂടി ചൈനീസ് പട്ടാളക്കാർ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനവും മറ്റ് യുദ്ധോപകരണങ്ങളുമെല്ലാം ചൈന നീക്കം ചെയ്തു കഴിഞ്ഞെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.