മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിയമനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചതോടെ പ്രതീക്ഷയറ്റ അവസ്ഥയിലാണ് സമരത്തിലുള്ള ഉദ്യോഗാര്‍ഥികള്‍. അതേസമയം മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. എന്നാല്‍ ഇന്നലെ തന്നെ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചതോടെ പാതി പ്രതീക്ഷ മങ്ങി. എങ്കിലും സമരം തുടരാനാണ് തീരുമാനം.

കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രേഖകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് ചെറുക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍
ജനങ്ങളിലേക്കിറങ്ങുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്.

അതേസമയം, സെക്രട്ടേറിയറ്റ് പരിസരത്ത് സമരങ്ങള്‍ക്ക് രാത്രി ഏറെ വൈകിയും അറുതിയുണ്ടായില്ല. സമരം കടുപ്പിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. വിവിധ ലിസ്റ്റുകളില്‍ ഉള്ള റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റ് പരിസരത്ത് പ്രഷേധ പ്രകടനം നടത്തി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമാകാനാണ് സാധ്യത.