മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും പ്രചാരണം നയിച്ചിരുന്നത് മജുവാണ്. പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകളുടെ ചുമതലയും മജുവിനായിരുന്നു.

രണ്ടാം തവണയാണ് മജു വൈറ്റ് ഹൗസിലെത്തുന്നത്. വൈറ്റ് ഹൗസിനുള്ളിലെ പട്ടാള വിഭാഗ മേധാവിയായിട്ടാണ് നിയമനം. വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല മജുവായിരിക്കും വഹിക്കുക. പ്രസിഡന്റിന്റെ മെഡിക്കല്‍ യൂണിറ്റ് ഡയറക്ടറുടെ ചുമതല, എയര്‍ ലിഫ്റ്റ് ഗ്രൂപ്പിന്റെയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പിന്റെയും ചുമതല എന്നിവയും ഇദ്ദേഹത്തിനായിരിക്കും. തിരുവല്ലയാണ് മജുവിന്റെ സ്വദേശം.