ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആലിസ് വധം, ആയുധം കണ്ടെത്താന്‍ കിണറുകള്‍ വറ്റിച്ച്‌ ക്രൈംബ്രാഞ്ച്. സമീപത്തെ ഉപയോഗിക്കാത്ത കിണറുകള്‍ വറ്റിച്ച്‌ പരിശോധന നടത്തി. കഴിഞ്ഞ ദിവസം പൂട്ടിക്കിടന്ന വീട്ടിലെ വളപ്പില്‍നിന്ന് കട്ടര്‍ പോലുള്ള ആയുധം കണ്ടെത്തിയിരുന്നു.

ഇതില്‍ രക്തക്കറ ഉണ്ടോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതേ പറമ്ബിലെ ഒരു കിണറും തൊട്ടടുത്ത ഒഴിഞ്ഞ പറമ്ബിലെ കിണറുമാണ് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് വറ്റിച്ച്‌ പരിശോധിച്ചത്.

മോഷ്ടിച്ച സ്വര്‍ണമോ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധമോ കിണറ്റില്‍ ഉപേക്ഷിക്കാനുള്ള സാധ്യത പരിഗണിച്ചാണ് പരിശോധന.

2019 നവംബര്‍ 14 നാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹം കണ്ടത്. പരേതനായ പോള്‍സന്റെ ഭാര്യയായ ആലീസ് സംഭവ ദിവസം പള്ളിയില്‍ പോയ ശേഷം രാവിലെ 8.30 ഓടു കൂടിയാണ് വീട്ടിലെത്തിയത്. 10 മണിക്കും 12 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. കഴുത്ത് മുറിച്ചത് പ്രൊഫഷണല്‍ രീതിയിലായിരുന്നു.

പ്രദേശത്ത് കര്‍ട്ടന്‍ വില്‍ക്കാനായി ഒരു ഇതര സംസ്ഥാന തൊഴിലാളി എത്തിയതിനാല്‍ ആ വഴിക്കും അന്വേഷണം തുടര്‍ന്നു. കൊലപാതകം നടന്ന വീട്ടില്‍ ക്യാംപ് ചെയ്ത പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുടയിലേയും പരിസരത്തെയും ഇതര സംസ്ഥാന തൊഴിലാളികളെ ചേദ്യം ചെയ്തു. പത്ത് ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്തുവെങ്കിലും തെളിവൊന്നും കിട്ടിയില്ല.

കവര്‍ച്ചാശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആലീസിന്റെ ശരീരത്തില്‍ നിന്ന് വളകള്‍ മോഷണം പോയിട്ടുണ്ട്. എന്നാല്‍ അലമാരയിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. ആരെങ്കിലും വരുന്നതായി കരുതി കൊലയാളി രക്ഷപ്പെട്ടതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.