ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലേ ജാല്‍പൈഗുരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഹനാപകടം അതീവ ദു:ഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപകടത്തില്‍ മരിച്ചവര്‍ക്ക് 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

പരിക്കേറ്റവര്‍ക്ക് 50,000 രൂപയാണ് ധനസഹായം നല്‍കുക. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് മാരുതി കാറും പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച്‌ ബംഗാളിലെ ജാല്‍പൈഗുരി ജില്ലയിലെ ധപ്ഗുരിയില്‍ അപകടമുണ്ടായത്. 13 പേര്‍ അപകടത്തില്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പുകമഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാതിരുന്നതാണ് അപകടത്തിന് കാരണം.