ആമസോൺ പ്രൈം സീരീസായ താണ്ഡവിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. വാർത്താവിതരണ മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വിശദീകരിച്ചത്.

സീരീസിനെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് തവണയാണ് അണിയറ പ്രവർത്തകരും ആമസോൺ അധികൃതരും വാർത്താവിതരണ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തിയത്. വിഡിയോ കോൺഫറൻസിലൂടെയായിരുന്നു കൂടിക്കാഴ്ച. ആദ്യത്തെ കൂടിക്കാഴ്ചയിൽ വിവാദ രംഗങ്ങളിലുള്ള അണിയറ പ്രവർത്തകരുടെ നിലപാട് എന്താണെന്ന് മന്ത്രാലയം ചോദിച്ചു. രണ്ടാമത് നടത്തിയ കൂടിക്കാഴ്ചയിൽ ഈ രംഗങ്ങൾ നീക്കം ചെയ്യാമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.

സീരീസിലെ രംഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്ന് സീരീസ് സംവിധായകൻ അലി അബ്ബാസ് സഫർ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വാർത്താകുറിപ്പിൽ പറയുന്നു. പൗരന്മാരുടെ വികാരം മാനിക്കുന്നു. അതുകൊണ്ട് തന്നെ സീരീസിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തീരുമാനിച്ചു എന്നും കുറിപ്പിൽ പറയുന്നു.

സീരീസിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. യുപി ലക്നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു, ഹിന്ദു ദൈവങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

ജനുവരി 15നാണ് താണ്ഡവ് ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങിയത്. സൈഫ് അലി ഖാനും സീഷാൻ അയ്യൂബിനും ഒപ്പം ഡിമ്പിൾ കപാഡിയ, കുമുദ് മിശ്ര തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു.