ഹൈദരാബാദ് : തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ മുഴുവന്‍ തലമുറയും അവസാനിച്ചാലും ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റാന്‍ കഴിയില്ലെന്നാണ് ഉവൈസിയുടെ പ്രസ്താവന.

നഗരത്തിന്റെ പേരുമാറ്റാന്‍ ഒരുങ്ങുന്നവരുടെ പേരാണ് ആദ്യം മാറ്റാന്‍ പോവുന്നത്. ഞങ്ങള്‍ അലിയുടെ പേര് സംസാരിക്കും, ഞങ്ങള്‍ നിങ്ങളുടെ പേര് മാറ്റും -ഇത്തരത്തിലാണ് ഉവൈസിയുടെ പ്രസ്താവന .

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ റോഡ് ഷോയിലാണ് ഹൈദരാബാദിന്റെ പേരുമാറ്റുന്നതിനെക്കുറിച്ച് യോഗി സംസാരിച്ചത്. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സാധിക്കുമോ എന്ന് ചില ആളുകള്‍ തന്നോട് ചോദിച്ചു. എന്തുകൊണ്ട് സാധിക്കില്ലെന്ന് അവരോട് താന്‍ ചോദിച്ചു.

ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. പിന്നെന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൂടായെന്നായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം.