കാബൂൾ : അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. കാർബോംബ് ആക്രമണത്തിൽ 26 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 17 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഗാസ്‌നി പ്രവിശ്യയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ അടുത്തുള്ള സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഗാസ്‌നി പ്രവിശ്യ കൗൺസിൽ അംഗം നാസിർ അഹമ്മദ് ഫാഖ്രിയാണ് ഭീകരരാക്രമണ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ അക്രമി ഉദ്യോഗസ്ഥരുടെ ഇടയിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്നാണ് സൂചന. സംഘർഷമേഖല കൂടിയാണ് ഗാസ്‌നി.