തിരുവനന്തപുരം: കെഎസ്എഫ്ഇ വിവാദത്തിൽ പ്രതികരണവുമായി വീണ്ടും ധനമന്ത്രി തോമസ് ഐസക്. എതിരാളികൾക്ക് താറടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കരുത്. കെഎസ്എഫ്ഇ തകർന്നാൽ ഗുണം സ്വകാര്യ ലോബിക്കാണെന്നും വിജിലൻസ് അന്വേഷണം സ്വാഗതം ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു.വിജിലൻ അന്വേഷണത്തിന് എതിരല്ല. മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകിയതിൽ അന്വേഷണം വേണം. സംഭവത്തിൽ വിശദമായ പരിശോധന ഉണ്ടാകും. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കെഎസ്എഫ്ഇയ്‌ക്കെതിരായ വിജിലൻസ് കണ്ടെത്തലുകൾ കഴിഞ്ഞ ദിവസം തോമസ് ഐസക് തള്ളിയിരുന്നു. നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കേണ്ടത് വിജിലൻസ് അല്ല അതിന് നിയമ വകുപ്പ് ഉണ്ട്. ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്നവർ അന്വേഷിക്കട്ടെയെന്നും എന്നാൽ ഇതുവഴി കെഎസ്എഫ്ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളെ താറടിച്ച് കാണിക്കാൻ ശ്രമിക്കരുതെന്നും തോമസ് ഐസക് പ്രതികരിച്ചിരുന്നു.

ഓപ്പറേഷൻ ബചത് എന്ന പേരിലാണ് വിജിലൻസ് കെഎസ് എഫ് ഇ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാട് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗുരുതര ചട്ടലംഘനങ്ങളാണ് റെയ്ഡിൽ കണ്ടെത്തിയിരിക്കുന്നത്.