കൊല്ലം: സോളാര്‍ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍.ബാലകൃഷ്ണപിള്ളയുടെ ബന്ധുവും കേരള കോണ്‍രഗസ് (ബി) മുന്‍ നേതാവുമായ ശരണ്യ മനോജ്. സോളാര്‍ കേസിലെ മുഖ്യപ്രതി കെ.ബി ഗണേഷ് കുമാറാണ്. സരിതയെ കൊണ്ട് പലതും പറയിച്ചു. പല തവണ കത്ത് തിരുത്തി എഴുതിച്ചതിന് പിന്നില്‍ ഗണേഷ് കുമാര്‍ ആണ്. പല തവണ മൊഴി തിരുത്തിപ്പറയിപ്പിച്ചത് ഗണേഷ്‌കുമാറും പ്രദീപ് കോട്ടാത്തലയും ചേര്‍ന്നാണ്. തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേഷ് ശ്രമിച്ചത്. പ്രദീപ് വെറും ആജ്ഞാനുവര്‍ത്തിയാണ്. ഗണേഷ് അറിയാതെ ഒന്നും ചെയ്യില്ലെന്നും ശരണ്യ മനോജ് പറഞ്ഞു.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് മനോജിന്റെ വെളിപ്പെടുത്തല്‍. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മനോജ് നടത്തിയത്. സരിതയ്ക്ക് വീട് വാടകയ്ക്ക് എടുത്തു നല്‍കിയത് താനാണ്. രക്ഷിക്കണമെന്ന് ഗണേഷ് പറഞ്ഞതുകൊണ്ടാണ് താന്‍ അന്ന് ഒന്നും പുറത്തുപറയാതിരുന്നത്. സോളാര്‍ കേസിലെ ഇരയ്ക്ക് നീതി കിട്ടണം. അവര്‍ ഒട്ടേറെ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

സരിതയൂടെ കത്ത് തിരുത്തി ഉമ്മന്‍ ചാണ്ടിയുടെ പേര് ചേര്‍ത്തത് ഗണേഷ് പറഞ്ഞിട്ടാണ്. ഉമ്മന്‍ ചാണ്ടിയോടുള്ള ഗണേഷിന്റെ വൈരാഗ്യമാണ് ഇതിനു പിന്നില്‍. ഗണേഷിനെ ഏറ്റവും കൂടുതല്‍ സംരക്ഷിച്ചത് ഉമ്മന്‍ ചാണ്ടിയാണ്. എന്നാല്‍ അവസാന നിമിഷം രാജിവച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയോട് വൈരാഗ്യമുണ്ടായത്. കല്ലേറ് കിട്ടിയിട്ടു പോലും ഉമ്മന്‍ ചാണ്ടി സോളാര്‍ കേസുമായി ബന്ധപ്പെട്ട രഹസ്യം പുറത്തുവിട്ടില്ല.

യു.ഡി.എഫ് നേതാക്കളുടെ പേര് കത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനും പങ്കുണ്ടെന്നും ശരണ്യ മനോജ് പറഞ്ഞു. സരിതയെ സജി ചെറിയാന്‍ മാവേലിക്കര കോടതിയില്‍ വന്ന് കണ്ടിട്ടുണ്ട്. സജി ചെറിയാന്‍ ആവശ്യപ്പെട്ടിട്ട് ചെങ്ങന്നൂരില്‍ പോയിരുന്നു. അവര്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ശരണ്യ മനോജ് പറയുന്നു.

മാവേലിക്കര കോടതിയില്‍ സരിതയെ ഹാജരാക്കിയപ്പോള്‍ ചെങ്ങന്നൂര്‍ എം.എല്‍.എസജി ചെറിയാന്‍ അവരെ വന്ന് കണ്ടിരുന്നു. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു സജി ചെറിയാനെന്നും ശരണ്യ മനോജ് പറഞ്ഞു.

എന്നാല്‍ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിനെ പരാതിക്കാരി സരിത എസ്.നായര്‍ തള്ളിക്കളഞ്ഞു. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത് 2013 ജൂലായ് 20ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചാണ്. എന്നാല്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പരാതി വരരുതെന്ന് പറഞ്ഞ് പ്രദീപ് കുമാര്‍ ജയിലില്‍ വന്നത്. അല്ലാതെ ആരുടെയെങ്കിലും പേര് ചേര്‍ക്കാനല്ല. യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പറയരുതെന്നാണ് തന്നോട് ആവശ്യപ്പെട്ടത്.

ശരണ്യ മനോജിനെ അറിയാം. ഞങ്ങള്‍ തമ്മിലുള്ള ബന്ധം പറയണമെങ്കില്‍ അതിനു ഒരു പുസ്തകം തന്നെ എഴുതണം. പറഞ്ഞതൊക്കെ സത്യമാണോയെന്ന് മനോജ് സ്വന്തം മനഃസാക്ഷിയോട് തന്നെ ചോദിക്കട്ടെ. സജി ചെറിയാന്‍ തന്റെ നാട്ടുകാരനാണ്. ചെറുപ്പത്തിലെ മുതല്‍ അറിയാം. കോളജില്‍ തന്റെ സീനിയര്‍ ആയിരുന്നു. അല്ലാതെ രാഷ്ട്രീയമായി ഒരു ബന്ധവുമില്ല.

താന്‍ വാടകയ്ക്ക് താമസിച്ച വീട് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ ആയിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ല. വാടകയ്ക്ക് വീട് എടുത്തുതന്ന ആളെ മാത്രമേ അറിയൂ. നെടുമങ്ങാട് ഉള്ള ഒരാളാണ് ഉടമയെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പേരിലാണ് വൈദ്യൂതി ബില്‍ അടച്ചിരുന്നതെന്നും സരിത ഒരു ചാനലിനോട് പ്രതികരിച്ചു.

അതേസമയം, ശരണ്യ മനോജ് ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശിവരാജന്‍ കമ്മീഷനു മുന്നില്‍ പറഞ്ഞിരുന്നെങ്കില്‍ റിപ്പോര്‍ട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നത് ഒരു ഭാഗം മാത്രമാണ്. ഇനിയും പുറത്തുവരാനുണ്ട്. ഏഴ് വര്‍ഷത്തിനു ശേഷം സത്യം പുറത്തുവരുന്നതില്‍ സന്തോഷമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.