അഭിനയത്തില്‍ അന്നും ഇന്നും മോഹന്‍ലാലിന് തുല്യം മോഹന്‍ലാല്‍ മാത്രമാണ്. എന്നാല്‍ സ്‌റ്റൈലിലും ഫാഷനിലും ലാലിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നവര്‍ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയാന്‍ കാരണം, ഇന്ന് മോഹന്‍ലാല്‍ അവര്‍ക്കൊപ്പമോ, ഒരുപക്ഷേ അവരേക്കാളുമൊക്കെ മുന്നിലോ എത്തി എന്നതുകൊണ്ടാണ്. മോഹന്‍ലാല്‍ അണിയുന്ന വാച്ച്‌, ഷര്‍ട്ട്, ഡെനിം ജീന്‍സ് ഇവയൊക്കെ സോഷ്യല്‍ മീഡിയയെ നിരവധി തവണ ഇളക്കി മറിച്ചിട്ടുണ്ട്. ലാലിന്റെ ഈ മാറ്റത്തിന് പിന്നില്‍ ജിഷാദ് ഷംസുദ്ദീന്‍ എന്ന തൃശ്ശൂര്‍ സ്വദേശിയുടെ കൈയൊപ്പുണ്ട്.

അടുത്ത കാലത്തെല്ലാം ലാല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള പരസ്യചിത്രങ്ങളിലും, പുരസ്‌കാര നിശകളിലുമെല്ലാം അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ‌്തിരിക്കുന്നത് ജിഷാദ് ആണ്. ബ്രാന്‍ഡ് വാല്യുവിനെക്കാള്‍ ഉപരി മോഹന്‍ലാല്‍ പരിഗണന നല്‍കുന്നത് കംഫര്‍ട്ടിനാണെന്ന് ജിഷാദ് പറയുന്നു.

‘മോഹന്‍ലാല്‍ സാറിന്റെ കൈയില്‍ ആള്‍മോസ്‌റ്റ് എല്ലാ ബ്രാന്‍ഡ്‌സുമുണ്ട്. ഡിസൈനര്‍ അഥവാ സ്‌റ്റൈലിസ്‌റ്റ് എന്ന നിലയില്‍ ഞാന്‍ കേള്‍ക്കാത്ത ബ്രാന്‍ഡ് വരെ സാറിന്റെ കൈയിലുണ്ട്. ട്രൂ റിലീജിയണ്‍ എന്നുപറയുന്ന ജീന്‍സ് എനിക്ക് തോന്നുന്നു, കേരളത്തില്‍ ധരിക്കുന്നതായി ഞാന്‍ കണ്ടിട്ടുള്ളത് മോഹന്‍ലാല്‍ സാര്‍, അദ്ദേഹത്തിന്റെ സുഹൃത്ത് സമീര്‍ ഹംസ, പൃഥ്വിരാജ് എന്നിവരാണ്. അത്രയും വിലയുള്ള ജീന്‍സ് ആണത്. സച്ചിന്‍ തെണ്ടുല്‍ക്കറൊക്കെ ഇടുന്ന ബ്രാന്‍ഡാണ്. പിന്നെ, റോക്ക് റിവൈവല്‍ എന്നൊരു ബ്രാന്‍ഡുണ്ട്. സ്വര്‍ണമൊക്കെ പതിച്ച ജീന്‍സുപോലെ തോന്നും, അത്രയ്‌ക്കും ഹെവി വര്‍ക്കാണതിന്. അങ്ങനെ എല്ലാ ബ്രാന്‍ഡും സാറിന്റെ കൈയിലുണ്ട്. എങ്കിലും മോഹന്‍ലാല്‍ സാര്‍ കൂടുതലും ഫോക്കസ് ചെയ്യുന്നത് ബ്രാന്‍ഡില്‍ അല്ല; കംഫര്‍ട്ടിലാണ്. അതുകൊണ്ടാണ് ജാപ്പനീസ് മോഡലുകള്‍ അദ്ദേഹം കൂടുതലും തിരഞ്ഞെടുക്കുന്നത്. ആയിരം രൂപയുടെ പാന്റ് ആണെങ്കില്‍ പോലും സാര്‍‌ ബോതേര്‍ഡ് അല്ല’-ജിഷാദ് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജിഷാദ് ഇക്കാര്യം വ്യക്തമാക്കിയത്.