ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 101 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതിന് മുമ്പ്‌ ജൂലൈ 17നാണ് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത്, 35,065 കേസുകള്‍.

പല സംസ്ഥാനങ്ങളും ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് മൊത്തത്തിലുള്ള നിരക്ക് കുറഞ്ഞത്. സെപ്റ്റംബര്‍ 17 മുതല്‍, പ്രതിദിന കോവിഡ് നിരക്കില്‍ ഗണ്യമായ കുറവുണ്ട്. ഒക്‌ടോബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 9,39,309 കോവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ മാസങ്ങളോളം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയായിരുന്നു മുന്നില്‍. എന്നാല്‍ തിങ്കളാഴ്ച 3645 കോവിഡ് കേസുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്താണ്. യഥാക്രമം 4287, 4121 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളവും പശ്ചിമ ബംഗാളുമാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.