കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായില്‍ നിന്നും വന്ന 5 പേരില്‍ നിന്നായി നാലര കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ഇവരില്‍ ഒരാള്‍ ഗ്രൈന്‍ഡറിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. മറ്റുള്ളവര്‍ മിശ്രിതമാക്കിയാണ് കൊണ്ടു വന്നത്. ഇന്നലെയും ഇത്തരത്തില്‍ അഞ്ച് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടുന്നത്. രണ്ട് വിമാനങ്ങളിലായി ഇന്ന് പുലര്‍ച്ചെ എത്തിയതാണ് ഇവര്‍. എയര്‍ അറേബ്യ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി മുനീര്‍ അഹമദ്, ഷുഹൈബ്, അനസ്, സൈനുള്‍ അബിദ്, എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ ഷഫീക്ക് എന്നിവരെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്യത്. മലപ്പുറം സ്വദേശി മുനീര്‍ അഹമ്മദില്‍ നിന്നും 53 ലക്ഷം രൂപ വിലവരുന്ന 1കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ഗ്രൈന്‍ഡറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാളില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത്.

മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണമാണ് മറ്റുള്ളവരില്‍ നിന്നും പിടികൂടിയത്. 1.85 കോടി വിലവരുന്ന 3500 ഗ്രാം സ്വര്‍ണ്ണം ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഇന്നലെയും നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു. ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന നാല് പേരില്‍ നിന്നുമായി രണ്ടേകാല്‍ കോടി രൂപ വില വരുന്ന 4095ഗ്രാം സ്വര്‍ണമാണ് പിടി കൂടിയത്. മലപ്പുറം സ്വദേശികളാണ് ഇന്നലെ പിടിയിലായവര്‍. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.ആര്‍.ഐ എത്തി ഇവരെ പിടികൂടിയത്. പിടിയിലായ സംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടൊ എന്നത് സംബന്ധിച്ച്‌ ഡിആര്‍ഐ പരിശോധിച്ച്‌ വരികയാണ്.