ചെന്നൈ : തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മധുരയിലാണ് സംഭവം.

കല്ലുപെട്ടിയിലെ രാജലക്ഷ്മി ഫയര്‍വര്‍ക്‌സിലാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കം നിര്‍മ്മിക്കുന്നതിനായി വെടിമരുന്ന് കലര്‍ത്തുന്നതിനിടെ തീ പടരുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് തീ കെട്ടിടത്തില്‍ സൂക്ഷിച്ച പടക്കങ്ങളിലേക്ക് പടരുകയായിരുന്നു.

പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. വിരുദുനഗര്‍, ശ്രിവിലിപുതുര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.