റോം∙ കോവിഡിന്‍റെ രണ്ടാംവരവ് ഇറ്റലിയില്‍ അതിതീവ്രം. ആദ്യമായി ഒരുദിവസം 10,000 ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 10,010 പേര്‍ രോഗികളായപ്പോള്‍ 55 മരണമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 8,804 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തേക്കാള്‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ആശ്വാസം. ആദ്യഘട്ടത്തില്‍ ഒരുദിവസം 900 വരെയായിരുന്നു മരണം. തീവ്രപരിചരണത്തിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 586 ൽ നിന്ന് 638 ആയി ഉയർന്നു.

>രോഗവ്യാപനം നിയന്ത്രിക്കാന്‍ ഒത്തുചേരലുകൾക്കും, റെസ്റ്ററന്റുകൾ, കായിക വിനോദം, സ്കൂൾ പ്രവർത്തനങ്ങൾ എന്നിവയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ യൂറോപ്പിൽ ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ഇറ്റലി. ബ്രിട്ടന്‍ കഴിഞ്ഞാൽ കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ച രണ്ടാമത്തെ യൂറോപ്പ്യൻ രാജ്യവും ഇറ്റലിയാണ്.

അതേസമയം, ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്പ്യന്‍ യൂണിയന്‍ ഉച്ചകോടിയും കോവിഡ് മൂലം തടസപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ വന്നതാണ് കാരണം.