തിരുവനന്തപുരം∙ ഡോളര്‍ കടത്തിയതിന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തു. പ്രതികള്‍ വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളറർ കടത്തിയെന്നാണ് കണ്ടെത്തല്‍. അതേസമയം, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും പങ്കുണ്ടെന്നാണ് വിവരം.

ശിവശങ്കറിന്റെ കടുത്ത സമ്മർദം കാരണം ഡോളർ നൽകിയെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റിലേക്ക് കടക്കാൻ കസ്റ്റംസ് തയാറെടുക്കുന്നുവെന്നാണ് സൂചന.