ലോസ്‌ആഞ്ചലസ് : യു.എസില്‍ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തി. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 10.12നായിരുന്നു ഭൂചലനമുണ്ടായത്. അലാസ്കയിലെ പെരിവില്ല് നഗരത്തില്‍ നിന്നും 98 കിലോമീറ്റര്‍ തെക്ക് – കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് അലാസ്ക തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു.

വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തമായ സുനാമിത്തിരകള്‍ അലാസ്കയില്‍ ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഭൂചലനമുണ്ടായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചത്. തെക്കന്‍ അലാസ്ക, അലാസ്ക ഉപദ്വീപ് ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3.9 മുതല്‍ 6.1 വരെയുള്ള 11 ഓളം തുടര്‍ച്ചലനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വടക്കേ അമേരിക്കയിലെ മറ്റ് യു.എസ്, കനേഡിയന്‍ പസഫിക് തീരങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പസഫിക് സുനാമി വാര്‍ണിംഗ് സെന്റര്‍ വ്യക്തമാക്കി.