സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ പണം പിരിച്ച്‌ സന്നദ്ധ പ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്ബിലിനെ എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ ചെയ്ത് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനിയായ വര്‍ഷയുടെ പരാതിയിലായിരുന്നു പൊലീസ് ഫിറോസിനെ വിളിപ്പിച്ചത്. നേരത്തെ സന്നദ്ധ പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വര്‍ഷയെ ഫോണില്‍ വിളിച്ചത് സംബന്ധിച്ചുളള വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്ന് എസിപി പറഞ്ഞു. ഫിറോസ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ചികിത്സാ സഹായമായി ലഭിക്കുന്ന പണം സംബന്ധിച്ച്‌ വര്‍ഷയും സന്നദ്ധപ്രവര്‍ത്തകരും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതോടൊപ്പം തന്നെ വര്‍ഷയെ ഭീഷണിപ്പെടുത്തിയ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വര്‍ഷയുടെ ആവശ്യം കഴിഞ്ഞുളള തുക മറ്റ് രോ​ഗികള്‍ക്കായി നല്‍കണമെന്നാണ് പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി. പൊലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷ, ഫിറോസ് കുന്നംപറമ്ബില്‍, സാജന്‍ കേച്ചേരി എന്നിവര്‍.

ഞാന്‍ പണം ആവശ്യപ്പെട്ടിട്ടില്ലല്ലോ. ഞാനടക്കം അതില്‍ പറയുന്നത് എന്താണെന്ന് വെച്ചാല്‍ ഒരു കോടി 25 ലക്ഷം രൂപ വന്നതില്‍ നിന്ന് നിങ്ങളുടെ എല്ലാ ചെലവും കഴിച്ച്‌ 80 ലക്ഷം മാറ്റിവെച്ച്‌ ബാക്കി വരുന്ന സംഖ്യ മറ്റുളള രോഗികള്‍ക്ക് കൊടുക്കണം എന്നായിരുന്നു. ഒരു രോഗിക്ക് തന്നെ ഒരു കോടിയും രണ്ട് കോടിയും കിട്ടുമ്ബോള്‍ അവരുടെ ആവശ്യം കഴിച്ച്‌ അത് ഒരു പത്ത് രോഗികള്‍ക്ക് വീതിച്ച്‌ കൊടുക്കുമ്ബോള്‍ പത്ത് രോഗികളുടെ പ്രശ്‌നം തീരുകയല്ലേ. അതാണല്ലോ നമ്മള്‍ ഇവിടെ നോക്കി കാണേണ്ടത്. പൊലീസ് കൃത്യമായി അന്വേഷിക്കുന്നു. ഏത് അന്വേഷണത്തിനോടും സഹകരിക്കാന്‍ തയ്യാറാണ്.

ഫിറോസ് കുന്നംപറമ്ബില്‍

വര്‍ഷയ്ക്കായി ചികിത്സാ സഹായം എത്തിയ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചിരുന്നു. വിദേശത്ത് നിന്നടക്കം നിരവധി അക്കൗണ്ടുകളില്‍ നിന്നാണ് തുകകള്‍ എത്തിയത്. കേസില്‍ ഹവാല ബന്ധമുളളതിന് തെളിവുകളില്ലെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനി വര്‍ഷ അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയത്. ജൂണ്‍ 24നാണ് വര്‍ഷ ശസ്ത്രക്രിയക്ക് സഹായം അഭ്യര്‍ത്ഥിച്ച്‌ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. പിന്നീട് സന്നദ്ധ പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി സഹായവുമായി എത്തി. ഫിറോസ് കുന്നുംപറമ്ബില്‍ അടക്കമുളളവര്‍ ഫേസ്ബുക്കിലൂടെ വര്‍ഷയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുളള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുളളില്‍ വലിയ തുക അക്കൗണ്ടില്‍ എത്തിയതോടെ ജോയിന്റ് അക്കൗണ്ട് വേണമെന്നും തുകയില്‍ ഒരു വിഹിതം കൈമാറണമെന്നും സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അമ്മക്കായി കരള്‍ പകുത്ത് കൊടുത്ത ശേഷം വിശ്രമത്തില്‍ കഴിയുന്ന വര്‍ഷ ഇതിനായി കുറച്ച്‌ സമയം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പണത്തിനായി സാജന്‍ കേച്ചേരിയും കൂട്ടാളികളും തുടര്‍ന്നും വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫിറോസ് കുന്നംപറമ്ബിലും ഇതേ ആവശ്യം ഉന്നയിച്ച്‌ വിളിച്ചിരുന്നതായി വര്‍ഷ പറഞ്ഞു. ഇക്കാര്യങ്ങള്‍ വര്‍ഷ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുളളവര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്നാണ് വര്‍ഷ സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയത്.

വര്‍ഷയുടെ പരാതിക്ക് പുറമെ സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പണം ഇടപാടിലും ഫിറോസ് അടക്കമുളളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടപ്പളളി സ്വദേശികളായ അരുണ്‍ വിജയന്‍, ടി.എ ഫൈസല്‍ എന്നിവരും പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷയുടെ അക്കൗണ്ടിലേക്ക് ദിവസങ്ങള്‍ക്കുളളില്‍ ഒരു കോടിയിലേറെ രൂപയാണ് എത്തിയത്. വിദേശത്തുളള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി 60 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇത്ര വലിയ തുക എത്തിയതില്‍ ഹവാല ഇടപാടുകള്‍ പരിശോധിക്കണമെന്നാണ് ഷാജഹാന്റെ പരാതിയിലെ ആവശ്യം.