ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി പിന്നിട്ടു. 15,084,371 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 618,477പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 9,103,974 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇന്നലെമാത്രം യു.എസില്‍ അറുപത്തി നാലായിരത്തില്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,028,569 ആയി ഉയര്‍ന്നു. മരണസംഖ്യ 144,953 ആയി. 1,885,670 പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്ബോള്‍ ജനങ്ങളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാസ്ക് ധരിച്ച ദേശസ്നേഹികളാകൂ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്നിട്ടുപോലും മാസ്ക് ധരിച്ച്‌ പൊതുവേദികളില്‍ വരാന്‍ യു.എസ് പ്രസിഡന്റ് വിമുഖത കാണിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘മാസ്‌ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്, ഒരിക്കലും അവരെ ഞാനതിന് നിര്‍ബന്ധിക്കുകയില്ലെന്ന്’ മുമ്ബ് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ട്വീറ്റ്.

ബ്രസീലിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 2,166,532 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെമാത്രം ആയിരത്തില്‍ കൂടുതലാളുകളാണ് മരിച്ചത്.ഇതോടെ മരണസംഖ്യ 81,597 ആയി. 1,465,970 പേര്‍ രോഗമുക്തി നേടി.