ലോക്ക്ഡൗണ്‍ കാലത്തെ കറന്റ് ബില്‍ കണ്ട് ഷോക്ക് അടിച്ചവര്‍ക്ക്, ആ ഷോക്കില്‍ നിന്നും മുക്തരാവാന്‍ മാതൃകയായി ഒരാള്‍. തിരുവനന്തപുരം സ്വദേശിയായ അധ്യാപകനും ടെക്നോളജി വിദഗ്ധനും ഫോട്ടോഗ്രാഫറുമായ സെയ്ദ് ഷിയാസ് മിര്‍സ തന്റെ കറന്റ് ബില്ലില്‍ വന്ന മാറ്റത്തെ പറ്റി വിശദമായ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുന്നു. 5,316 രൂപയുടെ ബില്‍ പരാതിപ്പെട്ടപ്പോള്‍ തുച്ഛമായ മൂന്നക്കത്തിലേക്ക് ചുരുങ്ങിയ കഥയുമായി സെയ്ദ് ഷിയാസ് മിര്‍സ.

കരയുന്ന കുഞ്ഞിനേ പാലുള്ളൂ.. എന്‍്റെ കഴിഞ്ഞ രണ്ട് മാസങ്ങളിലെ വൈദ്യുതി ബില്ല് വന്നപ്പോള്‍ അതിന്റെ എസ്‌എംഎസ് ഉള്‍പ്പെടെ ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. മുന്‍കാലങ്ങളിലെ ഉപഭോഗം കണക്കിലെടുത്തു ശരാശരി ആയി കണക്കു കൂട്ടിയ 5,316 രൂപയുടെ ബില്ലായിരുന്നു എനിക്ക് എസ് എം എസ് ആയി ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ ഉപഭോഗം കര്‍ശനമായി നിയന്ത്രിച്ചതിനാല്‍ ഇത്രയും തുക ബില്ല് ആകില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.

തുടര്‍ന്ന് ഞാന്‍ കെഎസ്‌ഇബിയുടെ പോര്‍ട്ടല്‍ വഴി പരാതിപ്പെട്ടപ്പോള്‍ മീറ്റര്‍ റീഡിങ് സ്വയം എടുത്ത് അയക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച്‌ ഞാന്‍ മീറ്റര്‍ റീഡിംഗ് ഡിസ്പ്ലേയുടെ ഫോട്ടോയെടുത്ത് അവര്‍ നല്‍കിയ വാട്സ്‌ആപ്പ് നമ്ബറിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് എനിക്ക് ബില്‍ തുക വെറും 148 രൂപയായി കുറഞ്ഞു കിട്ടുകയുണ്ടായി.

അതായത് ബില്‍ തുകയില്‍ 5168 രൂപയുടെ കുറവ് വന്നിട്ടുണ്ട്. നിങ്ങളും ഇത്തരത്തില്‍ നിങ്ങളുടെ വീട്ടിലെ റീഡിങ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ഒപ്പം തന്നെ വൈദ്യുതി ബില്ല് കുറയ്ക്കാനായി ഞാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍പ് പല പോസ്റ്റുകളിലായി രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിലും ഒന്ന് രണ്ടു കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാം.

എസിയുടെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടാന്‍ ഒരു പ്രധാന കാരണമാണ് എ സി യുടെ ഉപയോഗം നിയന്ത്രിക്കുകയോ അല്ലെങ്കില്‍ ആധുനിക ടെക്നോളജി ഉപയോഗിക്കുന്ന ഇന്‍വര്‍ട്ടര്‍ എ സി കള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ വൈദ്യുത ഉപഭോഗം വളരെയധികം കുറയ്ക്കാന്‍ സാധിക്കും

ഞാന്‍ ഇന്‍വര്‍ട്ടര്‍ എ സി വാങ്ങാതെ എസിയുടെ ഉപയോഗം പരമാവധി കുറച്ച്‌ ആണ് വൈദ്യുത ഉപഭോഗം കുറച്ചത്. വീട്ടിലെ ജനലുകളില്‍ മോസ്കിറ്റോ നെറ്റ് ഉപയോഗിച്ച്‌ ക്രോസ് വെന്‍റിലേഷന്‍ സാധ്യമാക്കി വീടിനുള്ളിലെ ചൂടു കുറയ്ക്കുകയും തന്മൂലം എസിയുടെ ഉപയോഗം കുറയ്ക്കുകയും ആണ് ഉണ്ടായത് കൂടാതെ സാധാരണ ഫാനുകള്‍ മാറ്റി ബി എല്‍ ഡി സി (ബ്രഷ് ലെസ്സ് മോട്ടോര്‍ ഡി.സി ഫാനുകള്‍) ആക്കി മാറ്റുകയും ചെയ്തത് വൈദ്യുത ഉപഭോഗം വളരെയധികം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

വൈദ്യുതി ഉപഭോഗം കൂട്ടുന്ന മറ്റൊരു ഘടകമാണ് റഫ്രിജറേറ്ററിന്‍്റെ വൈദ്യുത ഉപയോഗം. അതിന്‍റെ തണുപ്പ് നിയന്ത്രിക്കുന്ന ഘടകം അല്ലെങ്കില്‍ തെര്‍മോസ്റ്റാറ്റ് ഉയര്‍ന്ന തോതില്‍ സെറ്റ് ചെയ്യുമ്ബോള്‍ കൂടുതല്‍ തണുപ്പ് ലഭ്യമാക്കുന്നതിനായി കംപ്രസ്സര്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കുകയും വൈദ്യുത ഉപയോഗം കൂടുകയും ചെയ്യുന്നു ആയതിനാല്‍ കാലാവസ്ഥയ്ക്കും ആവശ്യത്തിനുമനുസരിച്ച അളവിലേക്ക് ടെമ്ബറേച്ചര്‍ കണ്‍ട്രോള്‍ ക്നോബ് സെറ്റ് ചെയ്യുന്നതിനായി ശ്രമിച്ചാല്‍ വൈദ്യുത ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയും.

അതോടൊപ്പം മറ്റൊരു പ്രധാനകാര്യം നിങ്ങളുടെ വയറിങ്ങില്‍ എന്തെങ്കിലും ലീക്കേജ് ഉണ്ടോയെന്ന് കണ്ടുപിടിക്കുന്നതും ഉപഭോഗം കുറക്കാന്‍ സഹായിക്കും എന്നതാണ്. എനിക്ക് വരും വര്‍ഷങ്ങളില്‍ ഏകദേശം 30,000 രൂപയ്ക്കടുത്ത് പ്രതിവര്‍ഷം ലാഭമുണ്ടാക്കാന്‍ പ്രേരകമായ ലോക്ഡൗണിനും ആ സമയത്ത് ഭീമന്‍ തുക ബില്ലയച്ച കെ.എസ്.ഇ.ബിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. ചില ചെറിയ ശ്രദ്ധകള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.