തിരുവനന്തപുരം: കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപന തലത്തില്‍ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് നടത്തിപ്പ് സെന്ററുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഉത്തരവായി. ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശ പ്രകാരമായിരിക്കും ഓരോ പ്രദേശത്തും ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്.

സി.എഫ്.എല്‍.ടി.സി(കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍)യായി ഉപയോഗിക്കുന്ന കെട്ടിടം കണ്ടേത്തേണ്ട ചുമതല അതാത് തദ്ദേശഭരണ സ്ഥാപനത്തിനാണ്. ഇവിടേക്കാവശ്യമായ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട ഉപാധികള്‍, ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ഒഴികെയുള്ള ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം, ശുചിത്വം എന്നിവയുടെയും ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.

സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം അടിയന്തിര ഘട്ടങ്ങളില്‍ മരുന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങി നല്‍കാവുന്നതാണ്. സി.എഫ്.എല്‍.ടി.സി.യുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ അധ്യക്ഷ/ അധ്യക്ഷന്‍ ചെയര്‍പേഴ്സനായ കമ്മിറ്റിയും ഉണ്ടാകും. മാനേജിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഒരു നോഡല്‍ ഓഫീസറും ഉണ്ടാകും.

നോഡല്‍ ഓഫീസറെ കൂടാതെ തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ ചാര്‍ജ്ജ് ഓഫീസറായി എല്ലാ സമയത്തും സെന്ററില്‍ ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും ഇത്തരം സെന്ററുകളില്‍ ഉറപ്പാക്കും.

ഉത്തരവ് പ്രകാരം ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി നൂറു കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കുള്ള സെന്ററുകള്‍ക്ക് നാല്പതു ലക്ഷവും ഇരുന്നൂറു കിടക്കകള്‍ക്ക് മുകളിലുള്ള സെന്ററുകള്‍ക്ക് അറുപതു ലക്ഷം രൂപയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കും.