വൈക്കത്ത് കടകള്‍ അടച്ചിടാന്‍ വ്യാപാരികളുടെ തീരുമാനം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കും. നിരീക്ഷണത്തില്‍ ഉള്ളവരുള്‍പ്പടെ കടകളില്‍ എത്തുന്നതിനെ തുടര്‍ന്നാണ് നടപടി. 5ദിവസത്തേക്കാണ് കടകള്‍ അടച്ചിടുക. വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയിന്‍മെന്‍റ് സോണ്‍ ആക്കി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ 9പഞ്ചായത്തുകളിലായി 11 കണ്ടെയിന്‍മെന്‍റ് സോണുകളാണുള്ളത്.

ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. അതേസമയം കോട്ടയത്തെ ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്സുകള്‍ ഇറക്കുന്ന രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35 കാരനും, ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും അകലക്കുന്നത്തെ കൊറോണ സെന്‍ററിലേക്ക് മാറ്റി. രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് അടച്ചു.