മഹാരാഷ്ട്ര : കോവിഡ് മഹാരാഷ്ട്രയെ വരിഞ്ഞു മുറുക്കുകയാണ്. 6,741 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 2,67,665 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 213 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 10,695 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മരണനിരക്ക് 4 ശതമാനമാണ്. ഇന്ന് 4,500 രോഗികളെങ്കിലും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു, എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ മൊത്തം 1,49,007 കോവിഡ് 19 രോഗികളെ പൂര്‍ണമായും സുഖം പ്രാപിച്ച്‌ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തരാകുന്നവരുടെ നിരക്ക് 55.67 ശതമാനമാണ്.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായ മുംബൈയില്‍ 969 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,863 ആയി. അതേസമയം 70 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തില്‍ ഇതുവരെ 5,402 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് 1,011 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു, ഇതുവരെ ആകെ 6,66,33 കോവിഡ് -19 രോഗികളെ പൂര്‍ണമായും സുഖം പ്രാപിച്ച്‌ ഡിസ്ചാര്‍ജ് ചെയ്തു. മുംബൈ ജില്ലയുടെ രോഗമുക്തി നിരക്ക് 70 ശതമാനമാണ്.

അതേസമയം മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു ലക്ഷം കോവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മാത്രം 28,498 പുതിയ കേസുകള്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 553 മരണങ്ങളും രേഖപ്പെടുത്തി.