കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ജോസ്. കെ മാണി രംഗത്ത്. സോളാര്‍ കേസും സ്വര്‍ണക്കടത്ത് കേസും വ്യത്യസ്തമാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ സ്വര്‍ണക്കടത്ത് കേസ് അതീവഗുരുതരമാണെന്നും ജോസ് കെ മാണി പറഞ്ഞു.

‘ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സി വേണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് അനൗദ്യോഗികമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. എന്നാല്‍, സ്വര്‍ണ്ണക്കടത്ത് വിവാദം വന്നപ്പോള്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനായിരുന്നു ജോസ് പക്ഷത്തിന്റെ തീരുമാനം. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പിനിടയിലും കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷവുമായി പ്രദേശിക തലത്തില്‍ സി.പി.ഐ.എം ധാരണയ്ക്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.