യുകെയിലെ ഇന്ത്യൻ ഹൈ കമ്മീഷന് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ  പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിയിലും പരിസരത്തും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബാരിക്കേഡുകൾ നീക്കം ചെയ്തത്. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെതിരെ പഞ്ചാബിൽ നടക്കുന്ന വിഷയങ്ങളിൽ പ്രതിഷേധിച്ച്   അനുഭാവികൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. സിംഗിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം നടത്തിയത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ജനല്‍ തല്ലിത്തകര്‍ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തെത്തുടർന്ന് ഇന്ത്യ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയും സുരക്ഷയുടെ പൂർണ അഭാവത്തിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.