തിരുവനന്തപുരം: ലോ കോളേജിലെ എസ്എഫ്ഐ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്.ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല
ജനാധിപത്യപരമായി സമരം ചെയ്യണം.നടന്നത് എന്താണെന്ന് എസ് എഫ് ഐ ക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കിലോകോളേജിൽ  എസ്എഫ്ഐ നടത്തിയത് ക്രൂരമായ ആക്രമണമെന്ന് പ്രിൻസിപ്പാളും അധ്യാപകരും ആരോപിച്ചിരുന്നു. 10 മണിക്കൂര്‍ അധ്യാപകരെ മുറിയിൽ ബന്ധിയാക്കി നടത്തിയ അതിക്രമത്തിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്ഐ ഉപരോധം

ചൊവ്വാഴ്ച രാത്രി കെഎസ്‍യുവിന്‍റെ കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഉച്ചമുതൽ അര്‍ദ്ധരാത്രിവരെ നീണ്ട എസ്എഫ്ഐ ഉപരോധ സമരം. 21 അധ്യാപകരെ മോചിപ്പിച്ചത് പൊലീസ് എത്തി. പ്രതിഷേധം ഉടൻ തീരുമെന്ന് കരുതി കാത്തിരുന്ന ശേഷമാണ് പ്രിൻസിപ്പാൾ ഡോ.ബിജു കുമാര്‍ പൊലീസിനെ ക്യാന്പസിലേക്ക് വിളിച്ചുവരുത്തിയത്.

ഓൺലൈൻ വഴി അധ്യാപകര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പൊലീസ് എത്തിക്കാൻ ശ്രമിച്ചപ്പോഴും എസ്എഫ്ഐ പ്രതിഷേധമുണ്ടായി. കോളേജിന് പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരും ക്യാന്പസിനകത്തെ പ്രതിഷേധത്തിനെത്തിയെന്നാണ് അധ്യാപകര്‍ പറയുന്നത്. അതിക്രമത്തിനെതിരെ അധ്യാപകരും കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‍യുവും കോളേജിനകത്ത് പ്രതിഷേധ പ്രകടനം നടത്തി..