വെല്ലൂര്‍: വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. നവാഗതര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഒരു വിദ്യാര്‍ത്ഥിയാണ് സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചത്.റെഡ്ഡിറ്റ് പോസ്റ്റില്‍ ഒക്ടോബര്‍ 9 ലെ ഒരു വീഡിയോയും ഉണ്ടായിരുന്നു. നവാഗതരെ അടിവസ്ത്രത്തില്‍ നിര്‍ത്തി വെളളം ഒഴിക്കുന്നതായും സഹപാഠികളോട് ലൈംഗിക പ്രവര്‍ത്തികള്‍ അനുകരിക്കാന്‍ ആവശ്യപ്പെടുന്നതായും വീഡിയോയില്‍ കാണിക്കുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയേഴ്‌സിന്റെ സ്വകാര്യ ഭാഗങ്ങളില്‍ അടിക്കുന്നതായും വീഡിയോയില്‍ കാണാം.

‘ഞങ്ങളെ നഗ്‌നരായി പരേഡ് ചെയ്യിച്ചു.. ഒരു കുപ്പി പിടിച്ച് സ്വയംഭോഗം ചെയ്യുന്നതായി അഭിനയിക്കാന്‍ നിര്‍ബന്ധിതരാക്കി,’ റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.ഇപ്പോള്‍ ഡിലീറ്റ് ചെയ്ത റെഡ്ഡിറ്റ് പോസ്റ്റില്‍, പോസ്റ്റ് ചെയ്ത വീഡിയോ ഒക്ടോബര്‍ 9 ന് നടന്ന ജൂനിയര്‍ മിസ്റ്റര്‍ മെന്‍സ് ഹോസ്റ്റല്‍ മത്സരത്തിന് ശേഷം എടുത്തതാണ്. ഫ്രഷര്‍മാര്‍ അടിവസ്ത്രം ധരിച്ച് പരേഡ് ചെയ്യാന്‍ നിര്‍ബന്ധിതരായെന്ന്  പോസ്റ്റില്‍ പറയുന്നു. വാര്‍ഡനും ഡെപ്യൂട്ടി വാര്‍ഡനും ചില ഡോക്ടര്‍മാരും ചേര്‍ന്നാണ് ഈ പരിപാടിക്ക് വിധി കര്‍ത്താവായിരുന്നത് എന്ന ആരോപണം ഞെട്ടിക്കുന്നതായിരുന്നു.പരിപാടി കഴിഞ്ഞ് വാര്‍ഡന്മാരും ഡോക്ടര്‍മാരും പോയി. തുടര്‍ന്ന് ജൂനിയേഴ്‌സിനെ അടിവസ്ത്രം ധരിച്ച് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ ചുറ്റിക്കറങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സ്വകാര്യ ഭാഗങ്ങളില്‍ ഇടിക്കുകയും നുള്ളുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള പീഡനങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്നത്. അവരെ ഹോസ്റ്റലിന്റെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി, ‘ജൂപ്പിറ്റര്‍ വാച്ച്’ എന്നറിയപ്പെടുന്ന ഒരു തരം റാഗിങ്ങാണിത്.ഇതുകൂടാതെ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും ചെയ്തിരുന്നു.ഡൈനിംഗ് ഏരിയയില്‍ പോലും ടേബിളുകളില്‍ ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം വാങ്ങേണ്ടി വരുന്നു. എല്ലാ നവാഗതരും എല്ലാ സീനിയര്‍ വിദ്യാര്‍ത്ഥികളുടെയും മുഴുവന്‍ പേരുകളും ജില്ലകളും വര്‍ഷവും പഠിക്കേണ്ടതുണ്ട്. അതില്‍ പരാജയപ്പെട്ടാല്‍ ശിക്ഷ ലഭിക്കും.

നിസാര കാര്യങ്ങള്‍ക്ക് പോലും നവാഗതരെ തല്ലുമെന്നും ജൂനിയേഴ്‌സിനെ പൂര്‍ണ നഗ്‌നരാക്കുന്നത് പതിവായിരുന്നെന്നും റെഡ്ഡിറ്റ് പോസ്റ്റ് ആരോപിച്ചു. റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിന് പിന്നാലെ, സിഎംസി പ്രിന്‍സിപ്പലിന് അജ്ഞാത പരാതി ലഭിച്ചു. ”ഞങ്ങള്‍ക്ക് ഒരു അജ്ഞാത കത്ത് ലഭിച്ചു, ഞങ്ങള്‍ വിഷയത്തില്‍ അന്വേഷിക്കുകയാണ്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ച് നടപടി സ്വീകരിക്കും. ഒരു തരത്തിലും റാഗിങിനെ അംഗീകരിക്കുന്നില്ല. റാഗിങിനോട് നമുക്ക് സഹിഷ്ണുതയില്ല. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടും. ‘ഹോസ്റ്റല്‍ കാമ്പസില്‍ റാഗിംഗ് നടന്നുവെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് സിഎംസി ഡയറക്ടര്‍ വിക്രം മാത്യൂസ് പറഞ്ഞു.ഇതിനകം ഒരു ഇന്റേണല്‍ കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഏഴ് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.