ന്യൂഡൽഹി: ഫ്രാൻസിൽ നിന്നുള്ള അവസാന റഫേൽ യുദ്ധ വിമാനം ഡിസംബർ 15നകം ഇന്ത്യയിലെത്തും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാറിന്റെ ഭാഗമായുള്ള 36 വിമാനങ്ങനങ്ങളുടേയും വിതരണം ഇതോടെ പൂർത്തിയാകും. റഫേൽ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 ജൂലൈ 29 നാണ് രാജ്യത്തെത്തുന്നത്. 36 റഫേൽ വിമാനങ്ങൾക്കായുള്ള കരാറിലാണ് ഇന്ത്യ ഒപ്പുവച്ചത്. 

ഇതിൽ 35 എണ്ണം ഫ്രാൻസിൽ നിന്ന് എത്തിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹസിമാര എന്നിവിടങ്ങളിലാണ് റഫേൽ യുദ്ധ വിമാനങ്ങളുള്ളത്. നൂതന റഡാർ, ഇലക്ട്രോണിക് വാർഫെയർ കഴിവുകൾക്കൊപ്പം ദീർഘദൂര വായുവിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് ഭൂമിയിലേക്കും മിസൈലുകളുള്ള 4.5 തലമുറ വിമാനമാണ് റഫേൽ.

75 ശതമാനത്തിലധികം സർവീസ് ശേഷിയുള്ള വിമാനത്തിന്റെ അറ്റകുറ്റപ്പണിയിൽ ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും പങ്കാളിയാണ്. ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് റഫേൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ അതിവേഗം ഉൾപ്പെടുത്തിയത്. രാജ്യത്ത് എത്തി ഒരാഴ്ചയ്ക്കുള്ളിൽ റഫേൽ വിമാനങ്ങൾ ലഡാക്കിൽ സർവീസ് ആരംഭിച്ചിരുന്നു.