ബംഗളൂരു: 18 ദിവസം​ കേരളം ഇളക്കി മറിച്ച് പ്രചരണം നടത്തിയ ശേഷം ഇന്ന് കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര പുതിയ ഒരു വിവാദത്തിലേക്കും കൂടിയാണ് പ്രവേശിച്ചത്. വിവാദം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ വേഷം തന്നെ. യാത്രയുടെ തുടക്കത്തിൽ ബി.ജെ.പിയാണ് രാഹുലിന്റെ വസ്ത്രത്തിൽ ‘കയറിപ്പിടിച്ചതെങ്കിൽ’ ഇത്തവണ സി.പി.എം സൈബർ അനുകൂലികൾ ആണെന്നുമാത്രം.

ജോഡോ യാത്രയിൽ രാഹുല്‍ ധരിച്ചിരിക്കുന്ന ടീഷര്‍ട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായാണ് ബി.ജെ.പി ആദ്യം രംഗത്തുവന്നത്. ടീഷര്‍ട്ടിന്റെ ചിത്രവും വിലയുമടക്കം ബിജെപി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശ നിര്‍മിത ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്തുവരികയും ചെയ്തു. ‘രാഹുല്‍ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാല്‍നട യാത്രയിലാണ്, പക്ഷേ അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീ ഷര്‍ട്ടാണ്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് രാഹുല്‍ ബാബ രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്’ എന്നായിരുന്നു രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പൊതുയോഗത്തിൽ അമിത്ഷാ പറഞ്ഞത്​.

എന്നാൽ, ഇന്ന് രാഹുലിന്റെ വസ്ത്രം വിവാദമാക്കിയത് സോഷ്യൽമീഡിയയിലെ സി.പി.എം അനുകൂല പ്രൊഫൈലുകളാണ്. കേരളത്തിൽ ടീ ഷർട്ട് ധരിച്ച് നടന്നിരുന്ന രാഹുൽ, അതിർത്തികടന്ന് ബി.​ജെ.പി ഭരിക്കുന്ന കർണാടകയിൽ എത്തിയ അന്നു തന്നെ ‘ഓം’ എന്ന് എഴുതിയ കാവിഷാൾ ധരിച്ചുവെന്നാണ് ആരോപണം. ‘വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ…’ എന്ന പാട്ടി​ലെ വരികൾ ബി.ജി.എം ചേർത്ത് രണ്ട് സംസ്ഥാനങ്ങളിലെ ജോഡോയാത്രയുടെയും ചിത്രങ്ങൾ എന്ന പേരിൽ ഈ ദൃശ്യങ്ങൾ അവർ വിഡിയോ ആക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.  ഒന്നരലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ‘Pinarayi Vijayan For Kerala’ എന്ന ഫേസ് ബുക് പേജിലടക്കം ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

‘ഓം നമ ശിവായ’ എന്ന് മുദ്രണം ചെയ്ത കാവി, ചുവപ്പ്, വെള്ള നിറങ്ങൾ ചേർന്ന ഷാൾ തോളിലിട്ട് രാഹുലും പ്രിയങ്കയും അനുയായികളോടൊപ്പം നടന്നു നീങ്ങുന്നതാണ് ചിത്രം. ഇന്ന് കർണാടകയിൽനിന്ന് പകർത്തിയ ഫോട്ടോ എന്ന പേരിലാണ് ഇവ പ്രചരിക്കുന്നത്.

എന്നാൽ, ഇതേക്കുറിച്ച് ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഈ ഫോട്ടോ 2022 മാർച്ച് നാലിന് ദീപക് ഖത്രി എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ‘ ഓം നമഃ ശിവായ!,  രാഹുൽ ഗാന്ധി കാശി വിശ്വനാഥിൽ’ എന്ന ഹിന്ദിയിലുള്ള അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.