ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സച്ചിന്‍ പൈലറ്റിനെയും അദ്ദേഹത്തിന്റെ ക്യാമ്പിലെ എംഎല്‍എമാരെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. അമിത് ഷായ്ക്കും സഫര്‍ ഇസ്ലാമിനും ധര്‍മേന്ദ്ര പ്രധാനും ഒപ്പമിരിക്കുന്ന ചില എംഎല്‍എമാരെ അംഗീകരിക്കുന്നതിനേക്കാള്‍ ഭേദം എതിര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കരുതുന്നു. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന സൂചന നല്‍കിയാണ് ഗെലോട്ടിന്റെ വിമര്‍ശനം. 

‘കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി ആ ഒറ്റവരി പ്രമേയം പാസാക്കപ്പെട്ടില്ല. അത് പാസാകാത്തതില്‍ എനിക്ക് ഇപ്പോഴും വിഷമമുണ്ട്. അതുകൊണ്ടാണ് ഞാനും മാപ്പ് പറഞ്ഞത്’, ജയ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ഗെലോട്ട് പറഞ്ഞു, 

‘എന്നാല്‍ എന്തുകൊണ്ടാണ് ഈ സാഹചര്യമുണ്ടായത്? ഞാന്‍ അവരുടെ രക്ഷാധികാരിയായിരിക്കുമെന്ന് 2020 ല്‍ ഉറപ്പ് നല്‍കിയിരുന്നു. അതുകൊണ്ടാണ് എംഎല്‍എമാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞാന്‍ പിസിസി മേധാവി ഗോവിന്ദ് ദോതസ്രയെ അയച്ചതില്‍ അവര്‍ അമര്‍ഷമറിയിച്ചത്. ഞാന്‍ രാജസ്ഥാന്‍ വിട്ടാല്‍ അവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് എംഎല്‍എമാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവ് എന്ന നിലയില്‍, സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരെ അംഗീകരിക്കുന്നതിനേക്കാള്‍ എതിര്‍ക്കുന്നതാണ് നല്ലതെന്ന് എംഎല്‍എമാര്‍ കരുതി. അമിത് ഷാ, സഫര്‍ ഇസ്ലാം, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പം ഏതാനും എംഎല്‍എമാരുണ്ടെന്ന്  എല്ലാവര്‍ക്കും അറിയാം. സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും  എല്ലാവര്‍ക്കും അറിയാം. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിക്കുന്നു.’, ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ച ഉന്നയിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി യോഗത്തിന് മുമ്പ് 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കിയതോടെയാണ് രാജസ്ഥാനില്‍ പ്രതിസന്ധി ആരംഭിച്ചത്. 2020ല്‍ പാര്‍ട്ടിക്കെതിരെ മത്സരിച്ച സച്ചിന്‍ പൈലറ്റിനെ അടുത്ത മുഖ്യമന്ത്രിയായി കാണാനാകില്ലെന്ന നിലപാടിലാണ് ഗെഹ്ലോട്ടിന്റെ വിശ്വസ്തര്‍. ഇത് കോണ്‍ഗ്രസ് നേതൃത്വവും ഗെലോട്ടിന്റെ വിശ്വസ്തരും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. പിന്നാലെ പാര്‍ട്ടി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന്‍ എന്നിവരില്‍ നിന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയിരുന്നു.