സ്വന്തം പേരിന് വോട്ട് ചെയ്യാനായ സന്തോഷം പങ്കുവെച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ഇത്തവണ തൃശൂരിലും കേരളത്തിലും താമര വിരിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ലാണ് കുടുംബസമേതം വോട്ട് രേഖപ്പെടുത്താൻ സുരേഷ് ഗോപി എത്തിയത്.

ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ടായിരുന്നു. രാവിലെ ആറരയോടെ സ്കൂളിൽ എത്തിയ സുരേഷ് ഗോപി 7.15 ഓടെ വോട്ടുരേഖപ്പെടുത്തി.

വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തിലും താമര വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. എനിക്കുവേണ്ടി എനിക്ക് ആദ്യമായിട്ടാണ് വോട്ട് ചെയ്യാൻ കഴിഞ്ഞത്. അതിൽ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെയും കുടുംബത്തിന്‍റെയും വോട്ട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലേക്ക് ഇത്തവണ മാറ്റിയിരുന്നു.

ഒന്നാമതായി വോട്ടു ചെയ്യണമെന്ന് ആഗ്രഹിച്ചതാണ്. സാധിച്ചില്ല. മുതിർന്ന പൗരന്മാര്‍ എത്തിയതിനാല്‍ അവരാണ് ആദ്യം വോട്ട് ചെയ്തത്. പത്താമതായി വോട്ടു ചെയ്യാനായി. ഏറെ സന്തോഷം. എല്ലാ ഘടകങ്ങളും വോട്ടായി മാറും. കഴിഞ്ഞ 10 വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനം വിലയിരുത്തപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പോളിങ് ബൂത്തിലെത്തിയിരുന്നു. രാവിലെ 6.30ഓടെയാണ് കുടുംബസമേതം അദ്ദേഹം പോളിങ് ബൂത്തിലെത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് ഒപ്പമുണ്ടായിരുന്നു.