വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ അമേരിക്കയേക്കാൾ കാനഡയാണ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനായി കൂടുതൽ തെരഞ്ഞടുക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാനഡയേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് വിദ്യാർത്ഥികളെ ഇക്കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അമേരിക്കയിൽ എച്ച്-1ബി വിസ നേടാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും അത്ര എളുപ്പമല്ല. എന്നാൽ കാനഡയിൽ താൽക്കാലികമായി ജോലി ചെയ്യാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും എളുപ്പമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 5800% ശതമാനമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉണ്ടായിട്ടുള്ളത്. അമേരിക്കയിലാകട്ടെ 45% മാത്രമാണ് വളർച്ച.

പഠനത്തിന് ശേഷം കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ പെർമനന്‍റ് റസിഡൻസ നേടാനാകും. എന്നാൽ അമേരിക്കയിൽ വർഷങ്ങളോളം കാത്തിരിക്കണം. ജോലി അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾക്ക് വാർഷിക പരിധിയുള്ളതാണ് ഇതിന് കാരണം.

കാനഡയിൽ പെർമനന്‍റ് റസിഡൻസിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് മാത്രമാണ് വാർഷിക പരിധി നിലനിൽക്കുന്നത്. പെര്‍മനന്‍റ് റസിഡൻസി ലഭിക്കാൻ താരതമ്യേനെ എളുപ്പമാണെന്ന കാര്യമാണ് കാനഡയിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ, പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

2010/11 അധ്യയന വർഷത്തിൽ 9000-നടുത്ത് വിദ്യാര്‍ഥികള്‍‌ മാത്രമാണ് കനേഡിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തിയത്. പത്തുവർഷങ്ങൾ പിന്നിടുമ്പോൾ ഇത് 2021-ൽ ഇത് 128,928 ആണ്. വിദ്യാര്‍ഥികള്‍ അമേരിക്കയേക്കാൾ കാനഡയെ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങളെ കുറിച്ചും കഴിഞ്ഞ വർഷങ്ങളിൽ ഇരു രാജ്യങ്ങളിലേക്കെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തെയും വിശദമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനുവരിയിൽ അടുത്ത രണ്ടു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ കാനഡ പരിധി നിശ്ചയിച്ചിരുന്നു. സപ്തംബറിൽ ആദ്യമായി താൽക്കാലിക റസിഡൻസി നൽകുന്ന കാര്യത്തിൽ കാനഡ പരിധി കൊണ്ടുവരികയാണ്. ഇത് വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്രവിഷയങ്ങളും ഇക്കാര്യത്തിൽ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കും.