തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ പൂർണമായും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും നിരാകരിച്ചു. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയിരുന്നത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് 2 വ്യത്യസ്ത വിധികളാണു പറഞ്ഞത്. ഹർജികളിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നു സുപ്രീംകോടതി സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു വിധി പ്രസ്താവിച്ചത്.

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു. എന്നാൽ, സ്ലിപ്പ് ലോഡിങ് യൂണിറ്റ് സീൽ ചെയ്തു സൂക്ഷിക്കാമെന്നു വ്യക്തമാക്കി. ഒരു സംവിധാനത്തെ മുഴുവൻ അന്ധമായി സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ല. ജനാധിപത്യമെന്നത് എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണ്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരം നിലനിർത്താൻ ജനാധിപത്യത്തിന്റെ ശബ്ദം കരുത്തുറ്റതാക്കി മാറ്റണം. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹർജികളിൽ തീരുമാനമെടുത്തതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

ആരോപണങ്ങളിലൂടെ അനാവശ്യ ചർച്ചകൾക്കു വഴിയൊരുക്കരുതെന്നു പറഞ്ഞ കോടതി, ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ചില നിർദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ മെമ്മറിയും സീരിയൽ നമ്പറും സ്ഥാനാർഥികളുടെ അപേക്ഷ പരിഗണിച്ച് വിദഗ്ധർക്കു പരിശോധിക്കാം. തിരഞ്ഞെടുപ്പു ഫലം വന്ന് 7 ദിവസത്തിനുള്ളിൽ ഇതിനുള്ള അപേക്ഷ നൽകണം. പരിശോധനാ ചെലവിനുള്ള തുകയും കെട്ടി വയ്ക്കണം. ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ ഈ തുക മടക്കി നൽകും. 

വോട്ടിങ് മെഷീനില്‍ ചിഹ്നം ലോഡുചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ സിംബല്‍ ലോഡിംഗ് യൂണിറ്റ് സീല്‍ ചെയ്യണം. ഇവ കുറഞ്ഞത് 45 ദിവസമെങ്കിലും സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.