കണ്ണൂർ: പതിറ്റാണ്ടുകൾ കടന്ന ഇപി ജയരാജന്റെ രാഷ്ട്രീയ ജീവിതം ആവേശമുയർത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പരീക്ഷണങ്ങൾ കടന്നുപോന്നയാളാണ് ഇപി എന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരായ ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരുമായി സൗഹൃദമുള്ള ആളാണ് ഇപി ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂട്ടുകെട്ടിൽ ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഇപി ജയരാജൻ വേണ്ടത്ര ജാഗ്രത പുലർത്താറില്ല. പാപിയുടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന പഴഞ്ചൊല്ല് അദ്ദേഹം ഓർമ്മിപ്പിച്ചു.

പിണറായി ആർസി അമല ബേസിക് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

ദല്ലാളിനെപ്പോലൊരാളുമായി ബന്ധം പുലർത്തുമ്പോൾ ജയരാജൻ ശ്രദ്ധിക്കണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പണം കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന ആളുകളുമായി ബന്ധം പുലർത്താൻ പാടില്ലായിരുന്നു. കെ സുരേന്ദ്രൻ ഈ പ്രചാരണത്തിന്റെ വക്താവായി മാറുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു

ബിജെപിക്കെതിരായ മുന്നേറ്റമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപിക്ക് നേരത്തേ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഒരു മണ്ഡലത്തിൽ പോലും രണ്ടാംസ്ഥാനത്തുണ്ടാകില്ല. സീറ്റ് നേടാൻ കഴിയില്ലെന്ന് മാത്രമല്ല രണ്ടാംസ്ഥാനം പോലും ലഭിക്കില്ലെന്നതാണ് കേരളത്തിന്റെ പ്രതികരണം. കഴിഞ്ഞ അഞ്ച് വർഷത്തെ അനുഭവമെടുത്താൽ കേരളത്തിനെതിരെ നിലപാടെടുത്ത രണ്ടു കൂട്ടരാണുള്ളത്. അതിലൊന്ന് ബിജെപി സർക്കാരാണ്. കേരളവിരുദ്ധ സമീപനം എടുത്ത മറ്റേ കൂട്ടർ യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.