വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച കത്തോലിക്ക സഭയിലെ ബിഷപ്പിനെതിരേ ലൈംഗികാരോപണത്തില്‍ വത്തിക്കാന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. കിഴക്കന്‍ തിമൂറില്‍ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണം നേരിടുന്ന ബിഷപ് കാര്‍ലോസ് സിമെനിസ് ബെലോക്കെതിരേയാണ് നടപടി.

1990 കളിലാണ് സംഭവം. ഡച്ച് മാസികയില്‍ വന്ന ആരോപണത്തില്‍ അന്വേഷണം നടത്തി സ്ഥിരീകരിച്ചതിനുശേഷമാണ് വത്തിക്കാന്‍ നടപടി സ്വീകരിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പണം നല്‍കിയതായും ഇരകളിലൊരാള്‍ ഡച്ച് മാഗസിനോട് വെളിപ്പെടുത്തിയിരുന്നു. കിഴക്കന്‍ തിമൂറിലെ സംഘര്‍ഷത്തിന് നീതിപൂര്‍വവും സമാധാനപരവുമായ പരിഹാരത്തിനായി പ്രവര്‍ത്തിച്ചതിന് 1996ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ബിഷപ് കാര്‍ലോസ് സിമെനിസ് ബെലോ മുന്‍ കിഴക്കന്‍ തിമൂര്‍ പ്രസിഡന്റായ ജോസ് റാമോസ് ഹോര്‍തയ്‌ക്കൊപ്പം പങ്കിട്ടിരുന്നു.