കൊല്‍ക്കത്ത; പശ്ചിമ ബംഗാളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ അറസ്റ്റില്‍. പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗറയില്‍ സമരം ശക്തമാണ്. ഇവിടേക്ക് പുറപ്പെട്ട വേളയിലാണ് മജുംദാറിനെ അറസ്റ്റ് ചെയ്തത്. ബംഗാളില്‍ പലയിടത്തും ബിജെപിക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഏറ്റവും ശക്തമായ സമരം ഹൗറയിലാണ്. ഇവിടെ സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ബിജെപി ചെയ്ത പാപത്തിന്റെ ഫലമാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്നും സമരക്കാര്‍ ഡല്‍ഹിയില്‍ സമരം നടത്തട്ടെയെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. അതിനിടെയാണ് ബിജെപി അധ്യക്ഷന്‍ മജുംദാര്‍ സംഘര്‍ഷ മേഖലയിലേക്ക് പുറപ്പെട്ടതും അറസ്റ്റിലായതും.

ഹൗറയിലെ പഞ്ച്‌ലയില്‍ പ്രതിഷേധം ശക്തമാണ്. ഇവിടെ സന്ദര്‍ശിക്കാന്‍ മജുംദാറിന് പദ്ധതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവരം ലഭിച്ച പിന്നാലെ മജുംദാറിനെ പോലീസ് നിരുല്‍സാഹപ്പെടുത്തി. എന്തുവന്നാലും സംഘര്‍ഷ മേഖല സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ വേളയില്‍ പോലീസ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു. ബാരിക്കേഡ് ചാടിക്കടന്ന് പഞ്ച്‌ലയിലേക്ക് പോകാന്‍ തുനിഞ്ഞ വേളയിലാണ് അറസ്റ്റുണ്ടായത്. ഇപ്പോള്‍ മജുംദാറിനെ വീട്ടില്‍ തന്നെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ക്രമസമാധാന നില തകരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഹൗറയില്‍ പ്രതിഷേധം അക്രമാസക്തമായിരുന്നു. കടകള്‍ക്കും ബിജെപി ഓഫീസിനും സമരക്കാര്‍ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അടുത്ത ബുധനാഴ്ച വരെ ബംഗാളിലെ പലയിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ കുറ്റപ്പെടുത്തി. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് മമത ബാനര്‍ജി ആരോപിച്ചു.

പ്രവാചകനെ അവഹേളിച്ച ബിജെപി നേതാവ് നുപുര്‍ ശര്‍മക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ബംഗാള്‍ ഇമാം അസോസിയേഷന്‍ ആവശ്യപ്പെട്ടു. നുപുര്‍ ശര്‍മക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. വളരെ മോശമായിട്ടാണ് പ്രവാചകനെ കുറിച്ച് അവര്‍ സംസാരിച്ചത്. എന്ത് അവകാശമാണ് ഇങ്ങനെ സംസാരിക്കാന്‍ നുപുര്‍ ശര്‍മക്കുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണം. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും ബംഗാള്‍ ഇമാം അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് യഹിയ ആവശ്യപ്പെട്ടു.

പ്രവാചകനെയും മുസ്ലിങ്ങളെയും അവഹേളിക്കാനാണ് ചില ചാനലുകള്‍ ശ്രമിക്കുന്നതെന്നും ചാനല്‍ ചര്‍ച്ചകള്‍ മുസ്ലിം പണ്ഡിതമാന്‍മാര്‍ ബഹിഷ്‌കരിക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാനാണ് ചില ചാനലുകളുടെ ശ്രമം എന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.