മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കുകയാണ് സിബിഐ 5. സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെ അഞ്ചാം അവതാരപ്പിറവിയെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

സിബിഐ 5 ദി ബ്രെയിനിന്റെ വിജയത്തില്‍ നന്ദിയര്‍പ്പിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ കെ.മധു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകര്‍ക്കായി കെ.മധു തന്റെ നന്ദിവാചകം കുറിച്ചത്.

കെ.മധുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അഞ്ചാംവരവിലെ വിജയമധുരം

“സേതുരാമയ്യര്‍, വിക്രം, ചാക്കോ ഇവര്‍ ജനിച്ചത് ജയിക്കാനായി തന്നെയാണ്. 1988-ല്‍ എസ്.എന്‍.സ്വാമിയുടെ തൂലികയില്‍ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ മൂവരെയും മലയാള സിനിമാലോകത്ത് സമാനതകളില്ലാത്ത കഥാപാത്രമികവിലൂടെ നടത്തിക്കൊണ്ടുവരാന്‍ എനിക്ക് സാധിച്ചതില്‍ അഭിമാനമുണ്ട്, ഒപ്പം പ്രേക്ഷകരോട് നന്ദിയും.

സിബിഐ 5
 സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വങ്ങളെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. സൂക്ഷ്മ ഷോട്ടുകളിലൂടെ സിബിഐ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവാദികള്‍ പ്രേക്ഷകഹൃദയത്തോട് ചേര്‍ത്തുകെട്ടാന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ സാധിച്ചതോടെ അയ്യര്‍ക്കും അദ്ദേഹത്തിന് ചുറ്റുമുള്ള കഥാപാത്രങ്ങള്‍ക്കും അതിരുകളില്ലാത്ത വളര്‍ച്ച മലയാള സിനിമാസ്‌നേഹികള്‍ അനുവദിച്ചു നല്‍കി. ഈ അപൂര്‍വതയില്‍ എസ്.എന്‍. സ്വാമിയുടെ രചന കഥാപാത്രങ്ങളെ വരച്ചുമിനുക്കി നിര്‍ത്തി.

സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. ആദ്യസിനിമ മുതല്‍ക്കേ പ്രേക്ഷകമനസില്‍ ഇഷ്ടസ്ഥാനം നേടിയെടുത്ത അയ്യര്‍ എക്കാലത്തെയും പോലെ ഇപ്പോഴും കുടുംബ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് ആകര്‍ഷിച്ച്‌ സംതൃപ്തമായ മന്ദഹാസത്തോടെ നില്‍ക്കുകയാണ്. ഒരുപാട് ഒരുപാട് നന്ദി മുഴുവന്‍ പ്രേക്ഷകരോടും പ്രത്യേകിച്ച്‌ കുടുംബ പ്രേക്ഷകരോട്.’ കെ.മധു കുറിയ്ക്കുന്നു.”കെ.മധു കുറിയ്ക്കുന്നു.

എസ്.എന്‍.സ്വാമി തിരക്കഥയെഴുതി കെ.മധു സംവിധാനം ചെയ്തിരിക്കുന്ന സിബിഐ ദി ബ്രെയിന്‍ കഴിഞ്ഞ മെയ് ഒന്നാം തീയതിയാണ് പുറത്തിറങ്ങിയത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വന്‍താരനിര

മമ്മൂട്ടിക്കൊപ്പം അഞ്ചാം പതിപ്പില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. മുകേഷ്, ജഗതി, രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തെ പോലെ തന്നെ ജനപ്രീതി നേടിയ ഒന്നാണ് സിനിമയിലെ തീം മ്യൂസിക്കും. പ്രേക്ഷകര്‍ ഇന്നും ആ മ്യൂസിക്കിനെ നെഞ്ചിലേറ്റുണ്ട്. ശ്യാമായിരുന്നു ഐതിഹാസികമായ ആ തീം മ്യൂസിക് സൃഷ്ടിച്ചത്. സി.ബി.ഐ അഞ്ചാം പതിപ്പില്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രേക്ഷകപ്രശംസ

സിബിഐ ചിത്രങ്ങളുടെ സീരിസില്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. ഈ നാല് ചിത്രങ്ങളും വന്‍ വിജയമായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്.

15 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിന് വീണ്ടുമൊരു ഭാഗം വരുന്നത്. സിബിഐ ഫൈവിന് പിന്നാലെ ബിലാല്‍, വണ്‍, ദ പ്രീസ്റ്റ്, സത്യന്‍ അന്തിക്കാട് ചിത്രം തുടങ്ങിയവ മമ്മൂട്ടിയുടെതായി വരാനിരിക്കുന്ന സിനിമകളാണ്. ഈ വര്‍ഷം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മെഗാസ്റ്റാര്‍ മുന്നെറികൊണ്ടിരിക്കുന്നത്.