മഹിന്ദ രാജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. മഹിന്ദ രജപക്‌സെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജിക്കത്ത് രാഷ്‌ട്രപതിയ്‌ക്ക് സമർപ്പിച്ചതായി മഹിന്ദ രജപക്‌സെ ട്വിറ്ററിൽ കുറിച്ചു. തലസ്ഥാനമായ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷപാർട്ടി പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. അതിന് പിന്നാലെയാണ് രാജി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭമാണ് രാജിയിലേക്ക് നയിച്ചത്.

വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. രജപക്സെയുടെ ഔദ്യോഗിക വസതിയ്‌ക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെയാണ് ആക്രമണം ഉണ്ടായി. ആക്രമണത്തിൽ സർക്കാർ അനുകൂലികളും സമരക്കാരും ഏറ്റുമുട്ടി. നൂറോളം പേർക്ക് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ തയാറാവുകയായിരുന്നു. ചില മന്ത്രിമാരും പ്രസിഡന്റ് ഗോതബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതോടെ രാജിയ്‌ക്ക് തയ്യാറാണെന്ന് മഹിന്ദ രജപക്‌സെ അറിയിക്കുകയായിരുന്നു.