ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്ത് ഫെഡറല്‍ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയര്‍ത്തിയത് ജനുവരി 30 (ഞായര്‍) മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഇതു സംബന്ധിച്ച ഉത്തരവ് ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്‍റ് (ഒപിഎം) വെള്ളിയാഴ്ച പുറത്തിറക്കി.

പ്രതിരോധ മന്ത്രാലയം, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങി അമേരിക്കയില്‍ ജോലി ചെയ്യുന്ന എഴുപതിനായിരത്തോളം ജീവനക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ജീവനക്കാരുടെ ഉദ്പാദന ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേതനം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്തുവാനുള്ള നടപടികള്‍ ബൈഡന്‍ പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക് പാര്‍ട്ടിയും സംഘടിത തൊഴിലാളി ഗ്രൂപ്പുകളും അമേരിക്കയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മണിക്കൂറിന് 15 ഡോളര്‍ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഒരു നിര്‍ദേശവും കോണ്‍ഗ്രസില്‍ ഇതുവരെ വന്നിട്ടില്ല. ഇപ്പോള്‍ ദേശിയ മിനിമം വേതനം മണിക്കൂറിന് 7.25 ഡോളറാണ്.

പി.പി. ചെറിയാന്‍