പി.പി. ചെറിയാന്‍
വാഷിങ്ടൻ∙ കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന ബൈഡൻ ഭരണകൂട തീരുമാനത്തിനു കനത്ത പ്രഹരം നൽകി ഫെഡറൽ അഡ്‍വൈസറി പാനൽ. അടുത്ത ആഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് ബൈഡൻ ഒരുമാസം മുമ്പ് വാഗ്ദാനം ചെയ്തിരുന്നു.

അമേരിക്കയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഇപ്പോൾ നൽകേണ്ടതില്ലെന്നും, 65 വയസ്സിനു മുകളിലുള്ളവർക്കും, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ഫൈസർ കോവിഡ് 19 ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നുമാണ് അഡ്‍വൈസറി പാനലിന്റെ ഭൂരിപക്ഷ തീരുമാനം.

ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉപദേശം നൽകുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ദർ ഉൾപ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന തീരുമാനത്തിനെതിരെ 16 പേർ വോട്ടു ചെയ്തപ്പോൾ രണ്ടു പേർ മാത്രമാണ് അനുകൂലിച്ചത്.

പിന്നീട് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രം കോവിഡ് ബൂസ്റ്റർ നൽകിയാൽ മതിയെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തെ ഫൈസർ കമ്പനി സ്വാഗതം ചെയ്തു.