ലണ്ടന്‍: യുകെയില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവും ഡിമാന്റ് വര്‍ധിച്ചതുമാണ് വിലവര്‍ധനവിന് കാരണം. 1997 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

പാലും മിനറല്‍ വാട്ടറും പോലും കിട്ടാത്ത സാഹചര്യമാണ് നഗരത്തില്‍ പലയിടങ്ങളിലും നിലവിലുള്ളതെന്നാണ് വിവരം. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളും ഗോഡൗണുകളും കാലിയായി കിടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. യുകെയില്‍ പ്രതിസന്ധി ഇനിയും ഉയരുമെന്നും ഇതിലും ഭീകരമായ അവസ്ഥയിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് സാമ്ബത്തിക ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കോവിഡ് വൈറസ് വ്യാപനം ജനജീവിതത്തെ വല്ലാതെ വലയ്ക്കുന്നുണ്ടെന്നും ഓഗസ്റ്റില്‍ റീട്ടെയില്‍ വിതരണ മേഖലകളില്‍ നിന്നും പ്രതീക്ഷിച്ച വില്‍പ്പനയുടെ 20 ശതമാനത്തിലധികം ഇടിവുണ്ടായെന്നും വ്യാപാരികള്‍ പറയുന്നു. ഐസൊലേഷന്‍ നിബന്ധനകള്‍ മൂലം അവശ്യ സാധനങ്ങളുടെ ഉല്‍പ്പാദനവും വിതരണവും ശരിയായ രീതിയില്‍ നടക്കുന്നില്ല. റിക്രൂട്ട്‌മെന്റുകള്‍ യഥാസമയം നടക്കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.