ലണ്ടന്‍: ആഗോള താപനവും കാലാവസ്ഥാ പ്രതിസന്ധിയും കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതില്‍ നിന്ന് ദമ്ബതികളെ പിന്തിരിപ്പിക്കുന്നുവെന്ന് സര്‍വെ. യുവതയില്‍ 10 ല്‍ ഒരാള്‍ ഈ രീതിയില്‍ ചിന്തിക്കുന്നുവെന്നാണ് സര്‍വെ. അതേസമയം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുകളുടെ ഇടപെടലുകളിലെ അനാസ്ഥ മൂലമുള്ള ഭീതിയും ഇത്തരക്കാര്‍ക്കുണ്ട്. 10 രാജ്യങ്ങളിലായി നടത്തിയ സര്‍വേയിലേതാണ് കണ്ടെത്തല്‍. ലാന്‍സറ്റിലാണ് സര്‍വ്വേയുടെ പ്രിപ്രിന്റ് പ്രസിദ്ധീകരിച്ചത്.

സര്‍വേയില്‍ പങ്കെടുത്ത 16 നും 25നും വയസ്സിനിടയിലെ 10 ല്‍ ആറുപേര്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ അതീവ ആശങ്കയുള്ളവരാണ്. സര്‍ക്കാരുകള്‍ തങ്ങളെയോ ഭൂമിയെയോ ഭാവി തലമുറയെയോ സംരക്ഷിക്കുന്നില്ലെന്നും പഴയ തലമുറയും സര്‍ക്കാരുകളും തങ്ങളെ വഞ്ചിച്ചുവെന്നും സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും വിശ്വസിക്കുന്നു ..

ഇന്ത്യ, നൈജീരിയ, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ബ്രസീല്‍, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, യുകെ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലെ 10,000ത്തോളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. പ്രചാരണ സംഘടനയായ ആവാസിന്റെ ആഭിമുഖ്യത്തിലാണ് സര്‍വേ നടത്തിയത്.

-”എന്റെ സ്വന്തം കിടപ്പുമുറിയില്‍ മുങ്ങിമരിക്കുമെന്ന് ഭയന്നാണ് ഞാന്‍ വളര്‍ന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഉത്കണ്ഠ വരുന്നത് പരിസ്ഥിതി വിഷയങ്ങളിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും വിശ്വാസവഞ്ചനയും അനുഭവിച്ചാണ്”. ഫിലിപ്പീന്‍സ് സ്വദേശിനി പറയുന്നു .

ആഗോളതലത്തില്‍ കുട്ടികളും യുവാക്കളും കാലാവസ്ഥാ പ്രതിസന്ധിയുടെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്ന് അടുത്തിടെ യൂനിസെഫ് കണ്ടെത്തിയിരുന്നു. 100 കോടി കുട്ടികള്‍ കാലാവസ്ഥാ പ്രത്യാഘാതങ്ങളിലെത്തുടര്‍ന്നുള്ള അപകട ഭീഷണി നേരിടുന്നുവെന്ന് യൂണിസെഫ് വ്യക്തമാക്കിയത് .