ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുരുക്കിയത് ആരെന്ന അന്വേഷണ റിപ്പോർട്ട് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡികെ ജെയിൻ സമിതിയുടെ റിപ്പോർട്ടാണ് ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്. കുറ്റക്കാർക്കെതിരെ സമഗ്ര അന്വേഷണവും, പ്രോസിക്യൂഷൻ നടപടിയും അടക്കം കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കും.

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുൻകൂറായി തന്നെ സോളിസിറ്റർ ജനറൽ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ടയേർഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയൻ, ഐബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ. കോടതി ചോദിച്ചാൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചേക്കും.