ബെയ്ജിംഗ് : കൊറോണയുടെ ഉത്ഭത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ച്‌ ചൈന. പ്രാഥമിക കേസുകളുടെ വിശദ വിവരങ്ങള്‍ നല്‍കാനാണ് ചൈന വിസമ്മതിച്ചത്. ലോകാരോഗ്യ സംഘടന സംഘത്തിലെ അംഗമായ ഓസല്‌ട്രേലിയന്‍ വിദഗ്ധന്‍ ഡൊമിനിക് ഡ്വെയിറാണ് ഇക്കാര്യം അറിയിച്ചത്.

വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആദ്യഘട്ടത്തില്‍ ബാധിച്ച 174 രോഗികളുടെ വിശദവിവരങ്ങളാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. എന്നാല്‍ ഈ രോഗികളുടെ മുഴുവന്‍ വിവരങ്ങളും ചൈന നല്‍കിയിട്ടില്ല. തുടക്കത്തിലുള്ള രോഗ ബാധ വുഹാനിലെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ രോഗികളുടെ വിവരങ്ങള്‍ വളരെയേറെ പ്രാധാന്യമുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

അന്വേഷണത്തില്‍ നിന്നും ചൈന പിന്മാറുന്നതിന്റെ കാരണം വ്യക്തമല്ലെന്നാണ് ഡൊമിനിക് ഡ്വെയര്‍ പറയുന്നത്. ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നുളള കാര്യത്തിലും സംശയമുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കാനുള്ള ചൈനയുടെ വിസമ്മതം ലോകാരോഗ്യ സംഘടനയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. വൈറസ് ബാധയെത്തുടര്‍ന്ന് കോടിക്കണക്കിന് ആളുകള്‍ മരിച്ചു. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച്‌ സംഘം കഴിഞ്ഞ മാസമാണ് ചൈനയിലെത്തിയത്.