കല്‍പറ്റ: മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിച്ച്‌ പുറത്തുകൊണ്ടുവരാനാകുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്​റ്റിലായ വിജിത് വിജയ​െന്‍റ കുടുംബം. പല തവണ എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മകനെ ചോദ്യം ചെയ്തിട്ടും ഒരു തെളിവും കിട്ടിയിരുന്നില്ല. കേസില്‍ നേരത്തേ അറസ്​റ്റിലായ അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോവാദി അനുകൂല ലഘുലേഖകള്‍ നല്‍കിയത് വിജിത്താണെന്ന് ഇവരുടെ മൊഴിയുണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

ലഘുലേഖകള്‍ നല്‍കിയെന്ന എന്‍.ഐ.എ വാദം ശരിയല്ല. വ്യാഴാഴ്ച കല്‍പറ്റ റസ്​റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിത്തിന്‍റെ അറസ്​റ്റ് എന്‍.ഐ.എ സംഘം രേഖപ്പെടുത്തിയത്. കേസിനെ നിയമപരമായി നേരിടുമെന്നും സത്യം പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും പിതാവ് വിജയന്‍ പറഞ്ഞു.

നാലുവര്‍ഷം മുമ്ബ് കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്‍ജിനീയറിങ് കോളജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് പൂര്‍ത്തിയാക്കിയതാണ് വിജിത്. കുറച്ചുകാലം കോളജില്‍നിന്ന് സെമസ്​റ്റര്‍ നഷ്​ടപ്പെട്ടവര്‍ക്ക് ട്യൂഷനെടുത്തു. തുടര്‍ന്ന് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ചെറുകുളത്തൂരില്‍ ട്യൂഷന്‍ സെന്‍റര്‍ നടത്തിവരുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സെന്‍റര്‍ അടച്ചുപൂട്ടി നാട്ടിലേക്കെത്തി.

പഠനസമയത്ത് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റും തേഞ്ഞിപ്പലം എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. കേസില്‍ നാലാം പ്രതിയായാണ് വിജിതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്​. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസം കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. പിന്നാലെ ജൂലൈയില്‍ തുടര്‍ച്ചയായി ആറുദിവസം ചോദ്യംചെയ്തു. അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി മാറിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ ഒരു ദിവസം കോഴിക്കോട്ടേക്ക് വിളിപ്പിച്ച്‌ ചോദ്യം ചെയ്തിരുന്നു. സുഹൃത്തിന്‍റെ റിസോര്‍ട്ട് നോക്കിനടത്തി 10 മാസത്തോളമായി വയനാട്ടില്‍ തന്നെയാണ് വിജിത്. ഇതിനിടെയാണ് എന്‍.ഐ.എ സംഘം മകനെ കല്‍പറ്റ റസ്​റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി അറസ്​റ്റ് രേഖപ്പെടുത്തുന്നതെന്നും കുടുംബം പറഞ്ഞു.

കല്‍പറ്റ വെങ്ങപ്പള്ളി‍യിലെ വിജയന്‍-ചന്ദ്രമതി ദമ്ബതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് വിജിത്. സഹോദരന്‍ ജിതിന്‍ അഭിഭാഷക വിദ്യാര്‍ഥിയാണ്. ജില്ല മൃഗസംരക്ഷണ ഓഫിസിലെ ക്ലര്‍ക്കായ വിജയന്‍ ഈമാസം 30ന് വിരമിക്കാനിരിക്കുകയാണ്.