ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച്‌ ബ്രസീല്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് ബ്രസീലിലെത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി ബ്രസീല്‍ അംബാസിഡര്‍ ആന്‍ഡ്രേ അരന്‍ഹാ പറഞ്ഞു. കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ ചെയ്ത ഓക്‌സ്ഫഡ്‌ആസ്ട്രാസെനകയ്ക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ബ്രസീല്‍ അംബാസിഡര്‍ അഭിനന്ദിച്ചു.

കൊറോണ വാക്‌സിനായി ബ്രസീല്‍ ആദ്യം ചൈനയെ ആണ് സമീപിച്ചിരുന്നത്. എന്നാല്‍ ചൈനയില്‍ വാക്‌സിന്‍ കുത്തിവച്ചവരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷ സംബന്ധിച്ച്‌ ചൈനയെ ബ്രസീല്‍ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയെ സമീപിച്ചത്. കൊവിഷീല്‍ഡ് വാക്‌സിന്‍ കയറ്റി അയക്കണമെന്ന് ബ്രസീല്‍ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ ആഴ്ച ബ്രസീല്‍ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനുവരി ഒന്നിനാണ് ഇന്ത്യയില്‍ നിന്നും വാക്‌സിനുകള്‍ ബ്രസീലിലെത്തിക്കാന്‍ ഡ്രഗ് റെഗുലേറ്റര്‍ അനുമതി നല്‍കിയത്. രണ്ട് മില്ല്യണ്‍ ഡോസുകള്‍ ഇറക്കുമതി ചെയ്യാനാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ബ്രസീല്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.