നാഗര്‍കോവില്‍: കന്യാകുമാരി ത്രിവേണി സംഗമത്തിലുണ്ടായ അഗ്നിബാധയില്‍ 60 കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കന്യാകുമാരി അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് നാഗര്‍കോവില്‍, കുളച്ചല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘത്തിന്റെ സഹായം തേടി. ഇവര്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് കടകളിലും കടല്‍ക്കരയിലും ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. പൊങ്കല്‍ അടുത്തതിനാല്‍ കോടികളുടെ സാധനങ്ങള്‍ വ്യാപാരത്തിനായി കടകളില്‍ കരുതിവച്ചിരുന്നു. അതെല്ലാം പൂര്‍ണമായും കത്തിനശിച്ചതായി കച്ചവടക്കാര്‍ പറഞ്ഞു. കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചു.