തിരുവനന്തപുരം: കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റത്തെക്കുറിച്ച്‌ കേരളം പഠനം തുടങ്ങി. 14 ജില്ലകളില്‍ നിന്നുമുള്ള സാംപിളുകള്‍ പരിശോധിക്കും.

കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ കീഴിലുള്ള ദില്ലി ആസ്ഥാനമായ ജിനോമിക് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി സഹകരിച്ചാണ് പഠനം.

ആര്‍ എന്‍ എ വൈറസിന്‍റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം. ബ്രിട്ടനില്‍ കഴിഞ്ഞ നാല് മാസത്തിനിടെ കണ്ടെത്തിയത് നാലായിരത്തിലധികം പുതിയ വകഭേദം. കേരളത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തില്‍ ചില വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബറില്‍ വിശദ പഠനം തുടങ്ങിയത്.

പതിനാല് ജില്ലകളേയും ഉള്‍പ്പെടുത്തിയാണ് പുതിയ പഠനം. 14 ജില്ലകളില്‍ നിന്നും 25 സാംപിളുകള്‍ , ഒരു മാസം 1400 സാംപിളുകള്‍ ജെനറ്റിക് സ്വീക്വന്‍സിങ് ചെയ്യും. സ്രവ സാംപിള്‍ ശേഖരണവും നിരീക്ഷണവുമെല്ലാം എന്‍ എച്ച്‌ എം ചെയ്യും. 68ലക്ഷം രൂപയാണ് പഠനത്തിനായി ചെലവഴിക്കുക