തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി, എന്നാല്‍ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ മുഖ്യമന്ത്രിയുടെ സ്വരവും ഭാവവും മാറിയെന്നും ചെന്നിത്തല വിമര്‍ശം ഉയര്‍ത്തി.

അന്വേഷണം നടന്നുകൊണ്ടിരിക്കെ അത് ശരിയായ ദിശയിലൂടെ ആണെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ആ അന്വേഷണം ആരിലേക്ക് വേണമെങ്കിലും എത്തട്ടേയെന്നും ആരുടെ ചങ്കിടിപ്പാണ് കൂടുന്നതെന്ന് കേരളം കാണട്ടേയെന്നും പറഞഞതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. തുടക്കം മുതല്‍ ഈ കേസില്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നണിയും മുഖ്യമന്ത്രിയും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്ബോള്‍ മറ്റുള്ളവരുടെ ദേഹത്തും ചെളി പുരട്ടണമെന്ന രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണ് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ നടപടിയെന്നും ചെന്നിത്തല ആരോപിച്ചു. പാര്‍ട്ടിയും സര്‍ക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ അപചയം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.